റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാവും നിയന്ത്രണം ആദ്യം നിലവിൽ വരിക. വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയിൽ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നിൽക്കണം എന്നാണ് പുതിയ അറിയിപ്പിൽ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളിൽ സീനിയർ ഓഫീസറെ സ്റ്റേഷൻ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി, ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേർക്കു സ്റ്റേഷനിൽ പ്രവേശിക്കാം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സ്റ്റേഷൻ ഡയറക്ടർക്കായിരിക്കും.

