കോവിഡ് ഭീതിയില്ലാതെ ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി അനന്തപുരി

ആറ്റുകാലമ്മയുടെ വരപ്രസാദം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന്. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യം നടത്തുന്ന പൊങ്കാല ആയതിനാൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 10.30ന് അടുപ്പുവെട്ടോടെ ചടങ്ങുകൾ ആരംഭിക്കും. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളിൽ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും.തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും.ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം.

കനത്തചൂടും തിരക്കും ആശങ്കയ്ക്കിടയാക്കുന്നുണ്ടെങ്കിലും പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ‌, ആരോ​​ഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരും.

പൊങ്കാല ദിവസത്തിൽ 35 ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുക. ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, എന്നിവരുടെ സംഘമുണ്ടാകും. ആറ്റുകാൽ പൊങ്കാലയ്ക്കായി നാല് പ്രത്യേക ട്രെയിനുകളുമായാണ് ദക്ഷിണ റെയിൽവേ സജ്ജമാക്കിയിരുന്നു.