കോവിഡിന് ശേഷം സര്‍ക്കാര്‍ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടി; സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികൾ കുറഞ്ഞു

ന്യൂഡല്‍ഹി: കോവിഡിന് ശേഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് സര്‍ക്കാര്‍ സ്‌കൂളുകളിലെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ്ണ ദേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.    കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ സ്‌കൂളുകളിലാണ് കൂടുതല്‍ കുട്ടികള്‍ എത്തുന്നത് എന്ന് അന്നപൂര്‍ണ്ണ ദേവി പറഞ്ഞു.

എന്നാല്‍ സ്വകാര്യ സ്‌കൂളുകളുടെ സ്ഥിതി അല്‍പ്പം വ്യത്യസ്തമാണ്. ഇക്കാലയളവില്‍ സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് അന്നപൂര്‍ണ്ണ ദേവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹായത്തോടെ വികസിപ്പിച്ചെടുത്ത ‘യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസ്’ എന്ന സംവിധാനത്തിലൂടെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം രേഖപ്പെടുത്തിയിട്ടുണ്ടെന്നും’, അന്നപൂര്‍ണ്ണ ദേവി പറഞ്ഞു.

ഇതനുസരിച്ച് 2019-20 കാലയളവിൽ ഏകദേശം 13.09 കോടി കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. 2020-21 വർഷത്തിൽ അത് 13.49 ആയി ഉയരുകയും ചെയ്തു. 2021-22 അധ്യയന വർഷത്തിൽ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് 14.32 കോടി കുട്ടികളാണ്. അതേസമയം സ്വകാര്യ സ്‌കൂളുകളില്‍ 2021-22 കാലത്ത് പ്രവേശനം നേടിയത് 8.82 കോടി കുട്ടികളാണ്. 2020-21 ല്‍ അത് 9.51 കോടി ആയിരുന്നു. 2019-20 കാലത്ത് ഏകദേശം 9.82 കോടി കുട്ടികളായിരുന്നു സ്വകാര്യ സ്‌കൂളികളിൽ പ്രവേശനം നേടിയിരുന്നത്.

വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാലയളവില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും അധ്യാപകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും മന്ത്രി പറഞ്ഞു.

‘വിദ്യാഭ്യാസം എന്നത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്. അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതും, അവരുടെ ശമ്പള വ്യവസ്ഥ, നിയമനം എന്നിവ നടപ്പാക്കുന്നതും സംസ്ഥാനത്തിന്റെയും കേന്ദ്രഭരണപ്രദേശത്തിന്റെയും അധികാരപരിധിയില്‍ പെടുന്നതാണ്,’ എന്നാണ് അധ്യാപകരുടെ കുറവ് ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞത്.

സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നത് ഒരു തുടര്‍ച്ചയായ പ്രക്രിയയിലൂടെയായിരിക്കണം. മുതിര്‍ന്ന അധ്യാപകരുടെ വിരമിക്കല്‍, രാജി എന്നിവ കാരണം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ കാലാകാലങ്ങളില്‍ വിവിധ അവലോകന യോഗങ്ങള്‍ നടത്തിയും കൃത്യമായ നിർദേശങ്ങൾ സ്വീകരിച്ചും അധ്യാപകരുടെ ഒഴിവ് നികത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും അന്നപൂര്‍ണ്ണ ദേവി കൂട്ടിച്ചേർത്തു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും ഉചിതമായ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിലനിര്‍ത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കിവരുന്നതായും മന്ത്രി പറഞ്ഞു.

Verified by MonsterInsights