ദർശന പട്ടേൽ: കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കാൻ ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ

2024-ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്റ്റ് 76ൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ വനിതാ ശാസ്ത്രജ്ഞ ദര്‍ശന പട്ടേല്‍. ബ്രയാന്‍ മെയ്ന്‍ഷെയിന്‍ ഒഴിയുന്ന നോര്‍ത്ത് കൗണ്ടി സീറ്റ് പിടിക്കാനാണ് 48 കാരിയായ പട്ടേലിന്റെ ശ്രമം.

‘അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ പാടുപെടുന്ന കുടിയേറ്റക്കാരുടെ മകള്‍ എന്ന നിലയില്‍, പ്രയാസകരമായ സമയങ്ങളില്‍ ഇത്തരം കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്താണെന്ന് എനിക്കറിയാം,’ സാമൂഹിക പ്രവര്‍കത്തകയും ഡെമോക്രാറ്റുമായ പട്ടേല്‍ പറഞ്ഞതായി ടൈംസ് ഓഫ് സാന്‍ ഡിയാഗോ റിപ്പോര്‍ട്ട് ചെയ്തു.

‘ഓരോ വ്യക്തിക്കും വിജയിക്കാനും നേട്ടമുണ്ടാക്കാനും അവസരമുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ഞാന്‍ മത്സരിക്കുന്നത്. ഒരു ശാസ്ത്രജ്ഞ, സ്‌കൂള്‍ ബോര്‍ഡ് അംഗം, നേതാവ് എന്നീ നിലകളിലുള്ള എന്റെ അനുഭവം ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാൻ ഉപയോഗിക്കാനാകും, പട്ടേല്‍ പറഞ്ഞു.

സാമ്പത്തിക കെടുകാര്യസ്ഥതയും തട്ടിപ്പ് ആരോപണവും ഉയര്‍ന്ന പോവേ യൂണിഫൈഡ് സ്കൂൾ ഡിസ്‌ട്രിക്‌ട് ബോർഡിലേയ്ക്ക് പട്ടേലിനെ തിരഞ്ഞെടുത്തിരുന്നു. പട്ടേല്‍ സ്‌കൂള്‍ ഡിസ്ട്രിക്കിന്റെ സാമ്പത്തിക സ്ഥിതി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. 2020 ല്‍ പട്ടേല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ ബോര്‍ഡിലെ ജോലിക്ക് പുറമേ, പട്ടേല്‍ കാലിഫോര്‍ണിയ കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ അഫയേഴ്‌സിലും സാന്‍ ഡീഗോ കൗണ്ടി സ്‌കൂള്‍ ബോര്‍ഡ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്.

റാഞ്ചോ പെനാസ്‌ക്വിറ്റോസ് പ്ലാനിംഗ് ബോര്‍ഡ്, റാഞ്ചോ പെനാസ്‌ക്വിറ്റോസ് ടൗണ്‍ കൗണ്‍സില്‍, പാര്‍ക്ക് വില്ലേജ് എലിമെന്ററി സ്‌കൂള്‍ പി.ടി.എ.യും എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് എന്നിവയില്‍ പട്ടേല്‍ എക്സിക്യൂട്ടീവ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

തന്റെ കൗമാരപ്രായത്തിലാണ് പട്ടേലിന്റെ കുടുംബം കാലിഫോര്‍ണിയയിലേക്ക് കുടിയേറിയത്. പട്ടേലും അവരുടെ ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും സാന്‍ ഡിയാഗോയിലാണ് താമസിക്കുന്നത്. പട്ടേല്‍ ഓക്സിഡന്റല്‍ കോളേജില്‍ ബയോകെമിസ്ട്രിയില്‍ ബിഎയും ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ബയോഫിസിക്സില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

Verified by MonsterInsights