ധനുമാസത്തിലെ തിരുവാതിര വന്നെത്തി കഴിഞ്ഞു. ഈ വർഷം ജനുവരി 6-നാണ് തിരുവാതിര നക്ഷത്രം വരുന്നത്. ജനുവരി 5 വ്യാഴാഴ്ച്ച രാത്രി ഉറക്കമിളക്കലോടെ വ്യതം ആരംഭിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണ് ധനുവിലെ തിരുവാതിര. ശിവ-പാർവ്വതിമാരുടെ അനുഗ്രഹത്തിനാണ് തിരുവാതിര വ്യതവും മറ്റു ചടങ്ങുകളും അനുഷ്ട്ടിക്കുന്നത്.അതിരാവിലെ കുളത്തിൽപ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.
മുങ്ങി കുളിക്കലിനോടൊപ്പം നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുകയാണ്.ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് തിരുവാതിരനോമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല. (ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) .