ധാരാവിയിലെ തെരുവിൽനിന്ന് സിമ്രാൻ ഷെയ്ഖ് വനിതാ പ്രീമിയർ ലീഗിലേക്ക്

ലോകത്തിലെതന്നെ ഏറ്റവും വലിയ ചേരികളിൽ ഒന്നാണ് ധാരാവി. 550 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ധാരവി, ഏകദേശം 10 ലക്ഷം ആളുകൾ ഇവിടെ താമസിക്കുന്നു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജനവാസ കേന്ദ്രമാണിത്. ഒരു ചതുരശ്ര മൈലിന് 869,565 ആളുകളാണ് ധാരാവിയിലെ ജനസാന്ദ്രത. 68 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. എന്നാൽ ഇവിടെനിന്ന് പ്രശസ്തിയുടെ പുതിയ ഉയരങ്ങൾ തേടിയുള്ള യാത്രയിലാണ് സിമ്രാൻ ബാനു ഷെയ്ഖ് എന്ന 21കാരി. കഴിഞ്ഞ ദിവസം ആരംഭിച്ച വനിതാ പ്രീമിയർ ലീഗിന്‍റെ ഭാഗമാകുന്നതാണ് സിമ്രാന്‍റെ ജീവിതം മാറ്റിമറിക്കുന്നത്. 10 ലക്ഷം രൂപ പ്രതിഫലത്തിന് യു.പി വാരിയേഴ്സ് ടീമാണ് സിമ്രാനെ സ്വന്തമാക്കിയത്.

സിമ്രാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് കുട്ടിക്കാലത്താണ്. ഒപ്പം കളിക്കാൻ പെൺകുട്ടികൾ ഇല്ലാത്തതോടെ ആൺകുട്ടികൾക്കൊപ്പമാണ് സിമ്രാൻ ക്രിക്കറ്റ് കളിച്ചത്. വയസ് 15 പിന്നിട്ടിട്ടും ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞില്ല. വർധിത ആവേശത്തോടെ അവൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നു. വനിതാ ക്രിക്കറ്റിന്‍റെ വളർച്ചയൊന്നും അവൾ അറിഞ്ഞിരുന്നില്ല. മിതാലിരാജും, സ്മൃതി മന്ദാനയും ഹർമൻപ്രീതുമൊക്കെ ലോകക്രിക്കറ്റിലെ തന്നെ പുത്തൻ താരോദയങ്ങളായി മാറി കഴിഞ്ഞിരുന്നു.

എന്നാൽ തെരുവിൽ ക്രിക്കറ്റ് കളിച്ചുനടന്ന സിമ്രാന്‍റെ ജീവിതം മാറിമറിഞ്ഞത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. അവളുടെ കളിയിലെ മികവ് കണ്ട ഒരു ക്രിക്കറ്റ് പ്രേമിയാണ് വനിതാ ടീമുള്ള യുണൈറ്റഡ് ക്ലബിലേക്കുള്ള വഴി കാട്ടിക്കൊടുത്തത്. അവിടെ കോച്ച് റോംഡിയോയുടെ കീഴിൽ ശരിക്കും ശാസ്ത്രീയമായി തന്നെ ക്രിക്കറ്റ് പരിശീലിക്കാൻ സിമ്രാന് കഴിഞ്ഞു.

വിലപിടിപ്പുള്ള ക്രിക്കറ്റ് കിറ്റ് സിമ്രാന് അപ്രാപ്യമായിരുന്നു. അവിടെ സഹായഹസ്തവുമായി എത്തിയ സഞ്ജയ് സതം അവളുടെ ജീവിതത്തിൽ മറക്കാനാകാത്ത വ്യക്തിയാണ്. ആദ്യമായി ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകിയത് സഞ്ജയ് ആണ്. പിന്നീട് ആവശ്യമുള്ളപ്പോഴെല്ലാം സിമ്രാൻ മികച്ച നിലവാരമുള്ള ക്രിക്കറ്റ് കിറ്റും ബാറ്റുമൊക്കെ സഞ്ജയ് വാങ്ങി നൽകി.

സ്ട്രീറ്റ് ക്രിക്കറ്റും യഥാർഥ ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. അതുതന്നെയാണ് പ്രൊഫഷണൽ കളിക്കാരിയാകാനുള്ള യാത്രയിൽ സിമ്രാൻ നേരിട്ട ആദ്യ വെല്ലുവിളി. സ്ട്രീറ്റ് ക്രിക്കറ്റ് ടെന്നീസ് ബോൾ ഉപയോഗിച്ചും യഥാർഥ ക്രിക്കറ്റ് ലതർ ബോൾ(സ്റ്റിച്ച് ബോൾ) ഉപയോഗിച്ചുമാണ് കളിക്കുന്നത്.

“സ്ട്രീറ്റ് ക്രിക്കറ്റും മുഖ്യധാരാ ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ എനിക്ക് ക്രിക്കറ്റിനെ ഇഷ്ടമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അതിന്‍റെ മൂല്യം വളരെ ഉയർന്നതായിരുന്നു, അതുകൊണ്ടുതന്നെ ആ മാറ്റത്തെ ഞാൻ സ്വീകരിച്ചു, ”- സിമ്രാൻ ആവാസ്-ദ വോയ്‌സിനോട് പറഞ്ഞു.

എന്നാൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയപ്പോഴാണ്, ടെന്നീസ് ബോൾ ഉപയോഗിച്ച് കളിക്കുന്തനിനേക്കാൾ അത് എളുപ്പമാണെന്ന് സിമ്രാൻ മനസിലാക്കുന്നത്. ദരിദ്രമായ ചുറ്റുപാടിൽനിന്നാണ് സിമ്രാൻ വരുന്നത്; അവളുടെ അച്ഛൻ ഒരു വയർമാൻ ആണ്. വീട്ടിൽ നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പടെ ഏഴ് മക്കളിൽ ഒരാളായിരുന്നു സിമ്രാൻ.

‘ഞങ്ങൾ നാല് സഹോദരിമാരും മൂന്ന് സഹോദരന്മാരുമാണെന്ന് സിമ്രാൻ പറഞ്ഞു. അമ്മ വീട്ടിലെ കാര്യങ്ങൾ നോക്കുകയും അച്ഛൻ വയറിങ് ജോലിക്ക് പോകുകും ചെയ്യുന്നു. എനിക്ക് മൂത്ത രണ്ട് സഹോദരിമാരുണ്ട്, ബാക്കിയുള്ളവർ എന്നെക്കാൾ ഇളയവരാണ്. കുട്ടിക്കാലം മുതൽക്കേ പഠിത്തത്തിൽ താൽപര്യമില്ലായിരുന്നുവെന്നും പത്താംക്ലാസ് പരീക്ഷ തോറ്റതോടെ പഠനം ഉപേക്ഷിക്കുകയുയമാരിുന്നു’- സിമ്രാൻ പറഞ്ഞു.

വലംകൈ ബാറ്റ്സ്മാനും മികച്ച ലെഗ് സ്പിന്നറുമാണ് സിമ്രാൻ ഷെയ്ഖ്. മധ്യനിരയിൽ കളിക്കുന്ന സിമ്രാൻ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാൻ ശേഷിയുള്ള താരമാണ്. വേഗത്തിൽ റൺസ് കണ്ടെത്താൻ കഴിയുന്ന സിമ്രാന്‍റെ കൂറ്റനടികൾ എതിർ ബോളിങ് നിരയെ സമ്മർദ്ദത്തിലാക്കാറുണ്ട്. മുംബൈയിൽ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകളിൽ കളിച്ചതോടെയാണ് സിമ്രാൻ കൂടുതൽ മികവ് കാട്ടിയത്. അതിനിടെ അണ്ടർ 19 ക്രിക്കറ്റിലും സിമ്രാൻ പ്രതിഭ തെളിയിച്ചു. പിന്നീട് മുംബൈയുടെ സീനിയർ ടീമിലുമെത്തി. “ഞാനൊരു ബാറ്ററാണ്. മധ്യനിരയിൽ ബാറ്റ് ചെയ്യാനാണ് എനിക്കിഷ്ടം. എന്നാൽ ടി20 ക്രിക്കറ്റിൽ എനിക്ക് ഏത് പൊസിഷനിലും കളിക്കാനാകും…”- ആത്മവിശ്വാസത്തോടെ സിമ്രാൻ പറയുന്നു.

സിമ്രാൻ ഏറെ ഇഷ്ടപ്പെടുന്നത് വിരാട് കോഹ്‌ലിയുടെ ബാറ്റിംഗുാണ്. വനിതാ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ അലിസ പെറിയും സിമ്രാന്‍റെ ഇഷ്ടതാരമാണ്. ഇന്ത്യൻ ടീമിൽ ജെമീമ റോഡ്രിഗസിന്റെ കളിയാണ് സിമ്രാന് ഏറെ ഇഷ്ടം. കരിയറിന്‍റെ തുടക്കകാലത്ത് തന്നെ ഇന്ത്യൻ വനിതാ ടീമിലെ മിതാലി രാജ്, ജുലൻ ഗോസ്വാമി, ഹർമൻപ്രീത് സിംഗ്, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ് എന്നിവരുമായി സംസാരിക്കാൻ അനുഭവങ്ങൾ പങ്കുവെക്കാനും കഴിഞ്ഞത് വലിയ വഴിത്തിരിവായി. ജെമീമയ്‌ക്കൊപ്പം മുംബൈയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണെന്നും സിമ്രാൻ പറയുന്നു. ഇന്ത്യൻ വനിതാ ടീമിൽ കളിക്കണമെന്നും രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കുന്ന ടീമിൽ അംഗമാകണമെന്നതുമാണ് സിമ്രാന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങൾ. ആ സ്വപ്നപ്രയാണത്തിന് വനിതാ പ്രീമിയർ ലീഗ് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് സിമ്രാൻ.

Verified by MonsterInsights