ഡോക്ടർ കുത്തിവരച്ചു; കുറിപ്പടിയുമായി രോഗി നെട്ടോട്ടമോടി

കൊല്ലം: കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടി രോഗികളെ വലയ്ക്കുന്നു. ഡോക്ടർ കുത്തിവരച്ചതുപോലെയുള്ള കുറിപ്പടിയുമായി മരുന്നുകടകള്‍ കയറിയിറങ്ങുകയാണ് രോഗികള്‍. കുറിപ്പ് വായിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം രോഗികളും മരുന്നുകടയുടമകളും ഒട്ടേറെത്തവണ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എഴുത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. മനസ്സിലാകുന്ന തരത്തിൽ മരുന്നിൻ്റെ കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല.

കുത്തിവരച്ചതുപോലെയുള്ള കുറിപ്പടികൾ ഇപ്പോൾ തുടർകഥകളായി മാറുകയാണ്. മരുന്ന് കുറിപ്പടിയിൽ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തിൽ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശത്തിന് പുല്ലുവിലയാണ്. പോത്തന്‍കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട്  മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും രോഗിയും വലഞ്ഞതും വാർത്തയായിരുന്നു.  മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നല്‍കിയ മരുന്നിന്റെ കുറിപ്പടിയിലെ ആര്‍ക്കും വായിക്കാനാവാത്ത കയ്യക്ഷരം കണ്ട് ആദ്യം ബന്ധുക്കളാണ് അമ്പരന്നത്.
ആദ്യം കുറിപ്പടിയിൽ ഡോക്ടർ കുത്തി വരച്ചു എന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീട് ആണ് ഇത് മരുന്ന് എഴുതിയത് ആണെന്ന് മനസ്സിലായത്. എന്നാൽ ഇതുമായി മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോൾ ഏത് മരുന്ന് ആണ് രോഗിക്ക് നൽകേണ്ടത് എന്ന സംശയത്തിലായി ജീവനക്കാർ. വിവരം തിരികെ ആശുപത്രിയിൽ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടർ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറയുകയായിരുന്നു.