ഡോളറിന് ഗുഡ്‌ബൈ; സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും

ഉഭയകക്ഷി വ്യാപാരത്തിന് ഇനി അമേരിക്കൻ കറൻസിയായ ഡോളർ ഉപയോഗിക്കേണ്ടെന്നു ഇന്ത്യയും ബംഗ്ലദേശും തീരുമാനിച്ചു. ഇന്ത്യൻ രൂപയിലും ബംഗ്ലദേശിന്റെ ടാക്കയിലും ആയിരിക്കും ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ബെംഗളൂരുവിൽ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തോട് അനുബന്ധിച്ചു നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഇതു സംബന്ധിച്ചു ചർച്ച ചെയ്തു. ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദർ എന്നിവർ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഉടൻ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്പോൾ വിനിമയ നിരക്കിലും മറ്റും വരുന്ന കുറവ് ഇരുരാജ്യങ്ങളിലെയും വ്യാപാരികൾക്ക് കാര്യമായ നേട്ടമുണ്ടാക്കും. നിലവിൽ യുഎസ് ഡോളറിൽ വ്യാപാരം നടത്തി പിന്നീടത് രൂപയിലേക്കോ ടാക്കയിലേക്കോ മാറ്റണം.

ഇരട്ട കറൻസി എന്ന ആശയം ചർച്ചയിലാണെന്നും ഇരു രാജ്യങ്ങളുടെയും സെൻട്രൽ ബാങ്ക് അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ രൂപപെടുത്തി വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉടൻ തന്നെ ഇതാരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ രൂപയിലെയും ടാക്കയിലെയും വ്യാപാരം സെറ്റിൽമെന്റ് ചെലവും വിനിമയനിരക്കും കുറയ്ക്കും, ഇത് ഇരു രാജ്യങ്ങളിലെയും വ്യാപാരികൾക്ക് പ്രയോജനകരമാകും. നിലവിൽ ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ അമേരിക്കൻ ഡോളറിലാണ് നടക്കുന്നത്. അത് പിന്നീട് രൂപയോ ടാക്കയോ ആയി മാറ്റിയെടുക്കേണ്ടി വരും. ഇത് ഇരുപക്ഷത്തിനും ചില വിനിമയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പങ്കെടുത്ത ദേശീയ സാമ്പത്തിക കൗൺസിൽ യോഗത്തിൽ ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ഗവർണർ താലൂക്ദർ രൂപ – ടാക്ക വ്യാപാരം ഇന്ത്യയിലേക്കുള്ള പണമിടപാടുകളുടെ വലിയ അളവ് കണക്കിലെടുത്ത് വിദേശ കറൻസിയുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു.

Verified by MonsterInsights