ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിതനായി

ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മകനായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ എമിറേറ്റിന്റെ ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനും ദീർഘകാലം ഉപ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം 2021ൽ മരണപെട്ടിരുന്നു. അതിനെ തുടർന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മകനെ ദുബായിലെ രണ്ടാമത്തെ ഉപ ഭരണാധികാരിയായി നിയമിച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുബായിൽ ഇപ്പോൾ രണ്ട് ഡെപ്യൂട്ടി ഭരണാധികാരികൾ ഉണ്ട്.

2008 മുതൽ ഡെപ്യൂട്ടി ഭരണാധികാരിയും നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ധനമന്ത്രിയുമാണ് ഷെയ്ഖ് മുഹമ്മദിന്റെ മക്കളിൽ ഒരാളായ മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആദ്യം ഇദ്ദേഹമാണ് ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിതനായത്. ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകനും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയുടെ ചുമതലയിലേക്ക് ഇപ്പോൾ നിയമിതനായിരിക്കുന്നത്.