സംസ്ഥാനത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി പപൊളിച്ചു പണിയാൻ വിദ്യാഭ്യാസ വകുപ്പ്. ഹൈസ്‌കൂൾ പരീക്ഷ പരിഷ്‌കരിക്കാനുള്ള എസ് സി ഇ ആർ ടി റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കു കൈമാറും. എല്ലാവരേയും പാസാക്കിവിടുന്നുവെന്ന പേരുദോഷം മാറ്റാനാണ് സംസ്ഥാനത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി തന്നെ പൊളിച്ചെഴുതാൻ അധികൃതർ ഒരുങ്ങുന്നത്.
ചോദ്യപേപ്പർ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. ലളിതമായത് , ഇടത്തരം , ഉന്നതനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചോദ്യങ്ങളെ വേർതിരിക്കാനാണ് പദ്ധതി. എഴുത്ത് പരീക്ഷയിൽ മിനിമം 30 ശതമാനം മാർക്ക് കിട്ടിയാൽ മാത്രമേ പാസാക്കുകയുള്ളൂ. ഈ വർഷം തന്നെ എട്ടാം ക്ലാസിൽ പദ്ധതി നടപ്പിലാക്കും.
അടുത്ത വർഷമായിരിക്കും ഒമ്പതിനും പത്തിനും ഈ രീതി ആക്കുക. നിരന്തര മൂല്യനിർണയത്തിൽ 20 മാർക്ക് ലഭിച്ചാലും എഴുത്ത് പരീക്ഷയിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും. പഠിച്ചവിഷയത്തിൽ അവഗാഹമുള്ളവർക്കുമാത്രം എഴുതാവുന്നവിധത്തിൽ 20 ശതമാനം ചോദ്യം ‘ഉന്നതനിലവാര’ത്തിലായിരിക്കും . സാമാന്യജ്ഞാനമുള്ളവർക്ക് എഴുതാവുന്നരീതിയിൽ 30 ശതമാനം ലളിതമായിരിക്കും . ബാക്കിയുള്ളവ ‘ഇടത്തര’വും.