എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണവും സംരഭകത്വവും വളർത്താൻ അനുകൂല സാഹചര്യമൊരുക്കും

എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണത്വരയും സംരഭകത്വവും വളർത്തുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സമൂഹ പുരോഗതിക്കും സാധാരണക്കാരായ ജനങ്ങളിൽ പോലും സാങ്കേതിക വിദ്യ എത്തിക്കുന്നതിനും ഇത്തരം വിദ്യാർഥികളുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപരം സി.ഇ.റ്റി യിൽ നടന്ന ‘മികവ്’ പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങളും കണ്ടെത്തലുകളും യാഥാർഥ്യമാക്കുന്നതിലൂടെ തൊഴിലന്വേഷകർ എന്നതിനപ്പുറത്തേക്ക് തൊഴിൽ ദാതാക്കളായി മാറാൻ വിദ്യാർത്ഥികൾക്ക് കഴിയണം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം മികച്ച മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഗവേഷണാനന്തര പേറ്റന്റുകൾ ലഭിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും, ഉയർന്ന റാങ്കുകൾ നേടിയ വിദ്യാർഥികൾക്കുമുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയതു. ഇന്ത്യൻ നേവിയുടെ ഓവർസീസ് ഡിപ്ലോയ്മെന്റ് 2022 വിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി ഉജ്ജ്വൽ പ്രകാശ്, ഇന്ത്യയിലെ എൻ.സി.സി കേഡറ്റുകളിൽ നിന്ന് കേരളത്തിലെ മികച്ച എൻജിനീയറിങ് കോളേജ് അധ്യാപികക്കുള്ള  ISTE യുടെ 2021 ലെ അവാർഡ് നേടിയ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസറും സി.ഇ.റ്റിയിലെ ഡീൻ ഇന്റർനാഷണൽ അഫയേഴ്സുമായ ഡോ. ബിന്ദു ജി.ആർ എന്നിവരെ വേദിയിൽ ആദരിച്ചു.

ഓട്ടോമേറ്റഡ് ഡക്റ്റ് ഫാൻ ബേസ്ഡ് വാൾ ക്ലൈമ്പിംഗ് ഡിവൈസിന്  ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലെ പ്രൊഫസർ രശ്മി ഭൂഷൺ, പ്രവീൺ ശേഖർ, ലിയ ജോസഫ് എന്നിവർക്കും ഹൈ പവർ ഗിയേർഡ് ഇലക്ട്രിക് വാഹനത്തിന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലെ ഡോ. ഉഷ കുമാരി എസി., ഡോ. ജിനോ ജോയ് എന്നിവർക്കുമാണ് പേറ്റന്റ് ലഭിച്ചത്.

ഗ്രീൻ കട്ടിംഗ് ഫ്ലൂയിഡ് എമൽഷൻ കോമ്പസിഷന് ഡോ. റാണി എസ്.(മെക്കാനിക്കൽ), ഡോ.മുഹമ്മദ് ആരിഫ് (കെമിസ്ട്രി), എഡ്ല സ്നേഹ, അനന്തൻ പി. തമ്പി, വിഷ്ണു വി.എസ്., അഭിജിത്ത് പി.കെ പിള്ള (മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾ) എന്നിവർക്കും സിന്തസിസ് ഓഫ് പ്രോമിസിങ് ഫാർമസ്യൂട്ടിക്കൽ ഏജന്റിന് ഡോ. ഷൈനി പി. ലൈല, ഡോ.അരുൺ കുമാർ ബി., ഡോ. ആൻഫെർണാണ്ടസ് (ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി) എന്നിവർക്കും പേറ്റന്റ് ലഭിച്ചു.

കയർ ഫൈബർ ലാറ്റക്സ് കോമ്പസിറ്റ് ഷീറ്റുകൾക്ക് ഡോ. ജയശ്രീ പി.കെ., ഡോ. കെ ബാലൻ, സുമേഷ് സി., ആനന്ദ് സി.ജി.( ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്) എന്നിവർക്കും ഇലക്ട്രോൺ ഭീം പ്രോപ്പൽഷൻ സിസ്റ്റത്തിന് മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി എ. ശ്രുതിനുമാണ് പേറ്റന്റ് ലഭിച്ചത്.

പുരസ്‌കാരദാന ചടങ്ങിൽ എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എസ്.പി.എഫ്.യു ഡയറക്ടർ ഡോ.വൃന്ദ വി.നായർ, സി.ഇ.റ്റി പ്രിൻസിപ്പൽ ഡോ.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

 

Verified by MonsterInsights