പശ്ചിമകൊച്ചിയിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ അക്കാദമി ഒരുങ്ങുന്നു

വിദ്യാർത്ഥികളെ കലാ കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കി ലഹരി വിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ചുവടു പിടിച്ചു പശ്ചിമ കൊച്ചിയിൽ ഫുട്ബോൾ അക്കാദമി ഒരുങ്ങുന്നു. കെ. ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിലാണ് ക്വീൻ ഓഫ് അറേബ്യൻ സീ ഫുട്ബോൾ അക്കാദമി എന്ന പേരിൽ ഫുട്ബോൾ പരിശീലന സൗകര്യമൊരുങ്ങുന്നത്. കൊച്ചി നിയോജക മണ്ഡലത്തിലെ 10 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അക്കാദമി വഴി പരിശീലനമുറപ്പാക്കും.

മികച്ച പരിശീലനം നൽകി മികച്ച വനിത, പുരുഷ താരങ്ങളെ സൃഷ്ടിച്ചെടുത്ത് കൊച്ചി നിയോജകമണ്ഡലത്തിന്റെ ടീമായി രൂപപ്പെടുത്തും.ദേശീയതലത്തിൽ പ്രാഗൽഭ്യം തെളിയിച്ച പരിശീലകരെ ഇതിനായി നിയമിക്കും.കൊച്ചിൻ കോളേജ് ഗ്രൗണ്ടിൽ എല്ലാദിവസവും രാവിലെ 6 മുതൽ 7.30 വരെയായിരിക്കും പരിശീലനം.ഡിസംബർ ആദ്യവാരത്തോടെ ക്യാമ്പ് ആരംഭിക്കും.

 വളർന്നുവരുന്ന തലമുറയെ മെച്ചപ്പെട്ട ആരോഗ്യവും ഊർജ്ജവുമുള്ളവരാക്കി വരുംകാലത്തിനു മുതൽക്കൂട്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ചും സ്പോൺസർഷിപ് വഴിയുമായിരിക്കും പദ്ധതി നടപ്പാക്കുന്നത്.അക്കാദമിയിൽ പരിശീലനം നേടാൻ താത്പര്യമുള്ളവർ നവംബർ 30നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

Verified by MonsterInsights