ഫോര്‍മുല വൺ പ്രധാന സ്പോർൺസറായി ഖത്തര്‍ എയര്‍വേയ്സ്; പുതിയ സീസൺ മാര്‍ച്ച് അഞ്ചിന് തുടങ്ങും

ഫോര്‍മുല വണ്ണിന്റെ ഔദ്യോഗിക ആഗോള പങ്കാളിയാകുന്നുവെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍, ഫോര്‍മുല വണ്‍ പ്രതിനിധി സ്റ്റെഫാനോ ഡൊമെനിക്കലി എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് അഞ്ചിനാണ് ഫോര്‍മുല വണ്‍ പുതിയ സീസണ്‍ ബഹ്റൈനിൽ ആരംഭിക്കുന്നത്.

ഖത്തർ എയർവേയ്സുമായി ചേർന്നുള്ള പ്രവര്‍ത്തനത്തില്‍ സന്തോഷമുണ്ടെന്ന് ഫോര്‍മുല വണ്‍ പ്രതിനിധി ഡൊമെനിക്കലി പറഞ്ഞു. ഇതൊരു ആഗോള പങ്കാളിത്തം ആയി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കായികയിനങ്ങള്‍ ഏറ്റവും സൂഷ്മതയോടെയാണ് തെരഞ്ഞെടുക്കുന്നതെന്നും പുതിയതും പ്രമുഖവുമായ വിവിധ സംരംഭങ്ങള്‍ തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്നും ഖത്തര്‍ എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ കായിക രംഗത്തേക്കുള്ള കുതിപ്പ് തുടരുകയാണ് ഖത്തര്‍. ഒരു അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഹബ്ബായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഖത്തറെന്നു വേണം കരുതാൻ.അതേസമയം നിരവധി വിമര്‍ശനങ്ങളും ഖത്തറിന് ഇക്കാലത്തിനിടയില്‍ നേരിടേണ്ടി വന്നിരുന്നു.

പ്രമുഖ ആഗോള മത്സരങ്ങള്‍ ഒരു ചെറിയ രാജ്യത്തില്‍ സംഘടിപ്പിച്ചുവെന്നായിരുന്നു പ്രധാന വിമര്‍ശനം. അതേസമയം സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് വന്‍ തോതില്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സ്ഥാപനമാണ് ഖത്തര്‍ എയര്‍വേസ്. ഇതിനോടകം ഫ്രാന്‍സിന്റെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമയാണ് ഖത്തര്‍.

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഖത്തറിലെ ബാങ്കര്‍ കോടിക്കണക്കിന് ഡോളറിന്റെ ലേലം നടത്തിയതും വാര്‍ത്തയായിരുന്നു. 2036ലെ ഒളിമ്പിക്‌സ് കൂടി ഖത്തറില്‍ നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. അങ്ങനെയെങ്കില്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തര്‍ മാറും.

Verified by MonsterInsights