ജി 20 : കുമരകത്തേയ്ക്കുള്ള റോഡ് നവീകരണം പൂർത്തിയാകുന്നു

കോട്ടയം: കുമരകത്തു നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടേയും ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കേപ്പിലെ ഒരുക്കങ്ങളും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. നവീകരണം പൂർത്തിയായി ക്കൊണ്ടിരിക്കുന്ന കോട്ടയം-കുമരകം റോഡ്, സമ്മേളനത്തിനെത്തുന്ന അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിലേയ്ക്കുള്ള ചിത്രശാല – അമ്മങ്കരി – നസ്രത്ത് റോഡ് എന്നിവിടങ്ങളിൽ മന്ത്രിയും സംഘവും പരിശോധന നടത്തി. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു , പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കുമരകം ആതിഥ്യമരുളുന്ന ജി20 ഷെർപ്പ സമ്മേളനത്തിനായി 19.19 കോടി രൂപ മുടക്കിയാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള അഞ്ചുറോഡുകൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളിൽ 30.68 കിലോമീറ്ററാണ് മുഖം മിനുക്കി ഉന്നതനിലവാരത്തിലേക്കു മാറിയത്. 

തണ്ണീർമുക്കം ബണ്ട് റോഡ് (1.78 കിലോമീറ്റർ), ബണ്ട് ജങ്ഷനിൽ നിന്നു തുടങ്ങുന്ന കുമരകം-ഇല്ലിക്കൽ റോഡ്( 15.15 കിലോമീറ്റർ) കല്ലറ-വെച്ചൂർ റോഡ് (7.5 കിലോമീറ്റർ) മെഡിക്കൽ-കോളജ് -ചാലുകുന്ന് റോഡ് (4.5 കിലോമീറ്റർ) ചിത്രശാല-അമ്മങ്കരി-നസ്രത്ത് റോഡ് (1.750 കിലോമീറ്റർ) എന്നീ റോഡുകളിലാണ് നവീകരണം നടക്കുന്നത്. ഇതിൽ  കല്ലറ-വെച്ചൂർ റോഡിന്റെ ഒഴികെയുള്ള ടാറിംഗ് ജോലികൾ പൂർത്തിയായി. കല്ലറ വെച്ചൂർ റോഡിൽ ടാറിംഗ് ഇന്നാരംഭിക്കും. 28ന് പൂർത്തിയാക്കുമെന്ന് പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ അറിയിച്ചു. ടാറിംഗ് പൂർത്തിയായ റോഡുകളുടെ മാർക്കിംഗ്, പെയിന്റിംഗ് ജോലികളും സൈഡ് കോൺക്രീറ്റിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

 സമ്മേളനവേദിയിലേക്കുള്ള പ്രധാന റോഡായ തണ്ണീർമുക്കം ബണ്ട് റോഡ് 2.4 കോടി രൂപമുടക്കി മുഴുവൻ ബി.എം., ബി.സി നിലവാരത്തിലാണു നവീകരിച്ചത്. ടാറിംഗ് പൂർത്തിയായി. മെഡിക്കൽ-കോളജ് -ചാലുകുന്ന് റോഡ് 3.287 കോടി രൂപ ചെലവഴിച്ച് ബിസി ഓവർലേയിംഗ് പൂർത്തിയാക്കി. 

സമ്മേളനവേദിയിലേക്കു കോട്ടയം ഭാഗത്തുനിന്നുള്ള പ്രധാനവഴിയായ കോട്ടയം-കുമരകം റോഡിൽ കൈപ്പുഴമുട്ടു മുതൽ ബണ്ട് ജംഗ്ഷൻ വരെയുള്ളയുള്ള മൂന്നുകിലോമീറ്റർ ദൂരം ഡിബിഎം, ബി.സി. ടാറിംഗും ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെയുള്ള 12 കിലോമീറ്റർ ബി.സി. ഓവർലെയിംഗുമാണ് പൂർത്തിയാക്കിയിട്ടുള്ളത്.  16 കിലോമീറ്റർ റോഡ്  8.703 കോടി രൂപ ചെലവഴിച്ചാണു നവീകരിക്കുന്നത്. ടാറിംഗ് ഇന്നലെ രാത്രിയോടെ പൂർത്തിയായി. ടാറിംഗിനൊപ്പം മാർക്കിംഗ്, പെയിന്റിംഗ് എന്നിവയും ദ്രുതഗതിയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. 

സമ്മേളനത്തിനെത്തുന്ന വി.വി.ഐ.പികൾ താമസിക്കുന്ന റിസോർട്ടുകളിലേയ്ക്കുള്ള പഞ്ചായത്ത് റോഡായ ചിത്രശാല- അമ്മങ്കരി-നസ്രത്ത് റോഡ് മുഴുവൻ നീളം ഡബ്‌ള്യൂ.എം.എം., ബി.എം. ബി.സി. നിലവാരത്തിലാണു പൂർത്തിയാക്കിയിട്ടുള്ളത്. 1.8 കോടി രൂപയാണ് ആകെച്ചെലവ്. വേദിയിലേയ്ക്കുള്ള ബദൽപാതയായി കാണക്കാക്കുന്ന കല്ലറ-വെഞ്ചൂർ റോഡ് മൂന്നുകോടി രൂപ ചെലവിട്ട് ഉപരിതലം നവീകരിക്കുകയാണ്. കുഴികളടച്ച് 40 എം.എം. മിക്‌സ് സീൽ സർഫെയിസിങ്ങാണ് ഇവിടെ നടത്തുന്നത്. 

ജി20 ഷെർപ്പ സമ്മേളനങ്ങൾ മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ഏപ്രിൽ ആറുമുതൽ ഒൻപതുവരെയുമാണ് കുമരകത്തെ കെ.ടി.ഡി.സി. വാട്ടർസ്‌കേപ്പിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്നത്.