പതിനേഴാമത് ജി20 ഉച്ചകോടിയിൽ (G20 Summit) പങ്കെടുക്കുന്നതിനായി ഇന്തോനേഷ്യൻ (Indonesia) തലസ്ഥാനമായ ബാലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ഊഷ്മളമായ സ്വീകരണം. പരമ്പരാഗത ബാലി ശൈലിയിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. പരമ്പരാഗത നൃത്തരൂപങ്ങളും മോദിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. പ്രവാസി ഭാരതീയരും എംബസി ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
“ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിൽ എത്തിയിരിക്കുകയാണ്. ആഗോളതലത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായി സംവദിക്കും”, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ബാലിയിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി ഇന്തോനേഷ്യൻ ഭാഷയിൽ ട്വീറ്റ് ചെയ്തിരുന്നു. ആഗോള വിഷയങ്ങളിൽ ലോക നേതാക്കളുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു ട്വീറ്റ്. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ, ഭക്ഷ്യ സുരക്ഷ, ഊർജ സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. യോഗത്തിൽ ഇന്ത്യയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടും അറിയിക്കും. ആഗോള പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ജി20 ഉച്ചകോടിയിൽ താൻ ഉയർത്തിക്കാട്ടുമെന്ന് ബാലിയിലേക്ക് പോകുന്നതിനു മുൻപ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന മറ്റു ലോകനേതാക്കൻമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്കിടെ നിരവധി ലോക നേതാക്കളുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തും. എന്നാൽ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മോദിയും ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച നടന്നാൽ, 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇവർ തമ്മിൽ നടക്കുന്ന ആദ്യ ചർച്ചയായിരിക്കും ഇത്. ഇക്കഴിഞ്ഞ സെപ്തംബറിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (Shanghai Cooperation Organisation (SCO)) ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കാനെത്തിയിരുന്നെങ്കിലും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇരുരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നത് ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ ഈ വിഷയത്തിൽ പ്രതികരിച്ചത്.
നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും കൂടാതെ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. 2022 ഡിസംബർ ഒന്നുമുതൽ ഒരു വർഷത്തേക്ക് ഇന്ത്യയാണ് ജി20യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്.