ജിയോയുടെ 5ജി വെൽക്കം ഓഫർ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

രാജ്യം 4ജി വിട്ട് 5ജിയിലേക്കു മാറാൻ തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ മൊബൈൽ ഡേറ്റാ ഉപയോക്താക്കളുടെ നാവിൻ തുമ്പിലുള്ള ഒരു ചോദ്യം 5ജിയിലേക്ക് മാറാൻ താൻ ഏതെല്ലാം കടമ്പകൾ കടക്കണം എന്നതാണ്. തനിക്ക് ഓഫർ ലഭിക്കാൻ 5ജി ഫോൺ ഉണ്ടായിരിക്കണോ, എന്തായിരിക്കും വരിസംഖ്യ, 5ജി സിം വേണോ തുടങ്ങി മറ്റു ചോദ്യങ്ങളും ഉണ്ട്. ഇത്തരം ചില ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ ശ്രമിക്കാം.

രാജ്യത്ത് രണ്ടു സേനവദാതാക്കൾ, ഭാർതി എയർടെല്ലും, റിലയൻസ് ജിയോയും മാത്രമാണ് ഇപ്പോൾ 5ജി സേവനം നൽകുന്നത്. എയർടെൽ 1 ജിബിപിഎസ് (1Gbps) വരെയാണ് സ്പീഡ് വാഗ്ദാനം ചെയ്യുന്നത്. ജിയോ തങ്ങളുടെ 5ജി സേവനത്തെ വിളിക്കുന്നത് ടൂ 5ജി (True 5G) എന്നാണ്. ഇതിൽ 1ജിബിപിഎസിൽ ഏറെ സ്പീഡ് ലഭിക്കാം എന്നും പറയുന്നു. വിവിധ നഗരങ്ങളിൽ ഇത് നൽകി തുടങ്ങി.

എന്താണ് ജിയോ 5ജി?

തങ്ങളുടെ 5-ാം തലമുറയിലെ നെറ്റ്വർക്കിന് പലയിടത്തും നിലവിലുള്ള 4ജി അടിസ്ഥാന സൗകര്യങ്ങളെ തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്. ഇതിനെ നോൺ-സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് എന്നാണ് വിളിക്കുന്നത്. അതേസമയം, പഴയ സംവിധാനങ്ങൾ മുഴുവൻ നീക്കി 5ജി നൽകുന്നതിനെ സ്റ്റാൻഡ് എലോൺ എന്നും വിളിക്കുന്നു. സ്റ്റാൻഡ് എലോൺ എന്ന ലക്ഷ്യമാണ് ജിയോയുടെ മനസിലുള്ളത്. തുടക്കത്തിൽ പല നഗരങ്ങളിലും നോൺ-സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് ആയിരിക്കുമെന്നാണ് സൂചന. നോൺ സ്റ്റാൻഡ് എലോണിൽ 1ജിബിപിഎസ് സ്പീഡ് ലഭിക്കുമോ എന്നത് വ്യക്തമല്ല.

എത്ര പണം നൽകണം?

പല നഗരങ്ങളിലും ഇപ്പോൾ നടക്കുന്ന ബീറ്റാ ട്രയൽസും വെൽക്കം ഓഫറും ജിയോ അവതരിപ്പിച്ചു. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പരീക്ഷണാർത്ഥത്തിൽ നടത്തുന്ന 5ജി പ്രക്ഷേപണം അതുള്ള നഗരങ്ങളിൽ പരീക്ഷിക്കാം. ഇതിനായി മുടക്കേണ്ട ഏറ്റവും കുറഞ്ഞ തുക 239 രൂപയാണ്. പ്ലാനിൽ ലഭിക്കുന്ന ഡേറ്റയ്ക്കു മാത്രമായിരിക്കും 5ജി സ്പീഡ്. അതു തീർന്നു കഴിഞ്ഞാൽ 60കെബിപിഎസിലേക്കു കുറയും. അതേസമയം, ഇപ്പോൾ 5ജി ജിയോ ചിലർക്ക് മാത്രമേ ലഭിക്കൂ, എന്ന് ബിസിനസ് സ്റ്റാൻഡർഡ് റിപ്പോർട്ടു ചെയ്യുന്നു. എയർടെൽ ഉപയോക്താക്കളിൽ നിന്ന് 4ജിക്കു നൽകിവന്ന വരിസംഖ്യ തന്നെയാണ് തുടക്കത്തിൽ ഈടാക്കുക.

ജിയോയുടെ വെൽക്കം ഓഫർ ലഭിക്കാൻ എന്തു ചെയ്യണം?

ജിയോ വെൽക്കം ഓഫർവേണമെന്നുള്ളവർ അതിനായി തങ്ങളുടെ താൽപര്യമറിയിച്ച് പേരു ചേർക്കണം. അങ്ങനെയുള്ളവരിൽ നിന്ന് ചിലരെയാണ് ജിയോ ക്ഷണിക്കുന്നത്. പക്ഷേ, ഈ ഘട്ടം അതിവേഗം കടന്നുപോകുകയും എല്ലാവർക്കും 5ജി നൽകുന്ന കാലം വരികയും ചെയ്യും. അതേസമയം, എയർടെൽ 5ജി സേവനം ഉള്ള നഗരങ്ങളിൽ എല്ലാവർക്കും 5ജി നൽകുന്നു. തങ്ങൾ ക്ഷണിക്കുന്നവർക്കേ 5ജി ലഭിക്കൂ എന്ന നിബന്ധന എയർടെല്ലിന് ഇല്ല.

പുതിയ സിമ്മോ 5ജി ഫോണോ വേണ്ട ജിയോയുടെ 5ജി ഓഫർ ലഭിക്കാൻ 5ജി ഫോണോ, പുതിയ സിം കാർഡോ വേണ്ട. അതേസമയം, 5ജിയുടെ ശരിയായ കരുത്തറിയേണ്ടവർ 5ജി ഫോൺ തന്നെ കൈയ്യിൽ വയ്ക്കേണ്ടി വന്നേക്കും. പക്ഷേ, 4ജി ഫോൺ ഉള്ളവർക്കും നിലവിൽ ലഭിക്കുന്നതിനേക്കാൾ വേഗതയിൽ ഡേറ്റ ലഭിച്ചേക്കാം.

പറയുന്ന വേഗത 5ജിക്ക് ഉണ്ടോ?

ജിയോയുടെ സ്റ്റാൻഡ് എലോൺ സേവനം തുടങ്ങിയാൽ അതിനാണ് ഏറ്റവും സ്പീഡ് കിട്ടുക എന്നാണ് കരുതുന്നത്. അതേസമയം, ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് വെബ്സൈറ്റായ ഊക്ലയുടെ കണക്കുകൾ പ്രകാരം ജിയോ 5ജി ഏകദേശം 600എംബിപിഎസ് വരെ ഡൗൺലോഡ് സ്പീഡ് കാണിച്ചിട്ടുണ്ട്. ഇത് ഡൽഹിയിലാണ്. എയർടെൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി സ്പീഡ് 516എംബിപിഎസ് ആണെന്ന് പറയുന്നു. അത് വാരണസിയിലാണ്.

എന്നാൽ, ഇതൊന്നും ആശ്രയിക്കാവുന്ന കണക്കുകളല്ലെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങൾ നടത്തിയ ടെസ്റ്റിൽ എയർടെൽ 5ജി 94എംബിപിഎസ് മാത്രമാണ് സ്പീഡ് നൽകിയിരിക്കുന്നതെന്ന് 91മൊബൈൽസ്.കോം റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, തുടക്ക ഘട്ടത്തിൽ സ്പീഡ് കുറയുക എന്നത് സ്വാഭാവികമാണെന്നും താമസിയാതെ ഇത് വർദ്ധിക്കുമെന്നും പറയുന്നവരും ഉണ്ട്.

ജിയോയുടെ വെൽക്കം ഓഫർ ലഭിക്കാൻ എന്തു ചെയ്യണം?

1. മൈ ജിയോ ആപ് ഇൻസ്റ്റോൾ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് ആപ്പിളിന്റെ ആപ് സ്റ്റോറിലും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ആപ് ഫോണിൽ ഉണ്ടെങ്കിൽ അത് ഉടൻ അപ്ഡേറ്റു ചെയ്ത് ഏറ്റവും പുതിയ വേർഷൻ ആണ് ഉള്ളതെന്ന് ഉറപ്പാക്കുക.

2. മൈജിയോ ആപ് ഓപ്പൺ ചെയ്ത് ജിയോ മൊബൈൽ നമ്പർ ചേർക്കുക.

3. ലഭിക്കുന്ന ഒടിപി നമ്പർ നൽകി മുന്നോട്ടു പോകുക.

4. ഹോം പേജിൽ ‘ജിയോ 5ജി വെൽകം ഓഫർ’ (Jio 5G Welcome Offer) എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക. അതിൽ സ്പർശിക്കുക. ഇത് യോഗ്യതയുള്ള ജിയോ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും കിട്ടുക.

5. തുടർന്ന് താൽപര്യം ഉണ്ട് എന്ന് അറിയിക്കാനായി, ‘ഐ ആം ഇന്ററസ്റ്റഡ്’ എന്ന് എഴുതിയിരിക്കുന്നതിൽ സ്പർശിക്കുക. ഇതോടെ റജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായി. നിങ്ങളുടെ നഗരത്തിൽ 5ജി വരുമ്പോൾ ലഭിക്കാൻ അർഹതയുള്ളവരുടെ കൂട്ടത്തിൽ നിങ്ങളും എത്തി. കേരളത്തിലെ നഗരങ്ങളിൽ കിട്ടുന്ന മൈജിയോ ആപ്പിൽ വെൽകം ഓഫർ കണ്ടു തുടങ്ങിയിട്ടില്ലെന്നും, എന്നാൽ, ജിയോ 5ജിയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ സേർച്ചു ചെയ്താൽ ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കേരളത്തിൽ എന്ന്?

ശരാശരി 1എംബിപിഎസ് സ്പീഡും ഒക്കെയായി കിടന്ന 3ജി രംഗത്തേക്ക് 50എംബിപിഎസ് സ്പീഡുള്ള ഫീ 4ജി ഡേറ്റാ നൽകിയ സ്ഥലങ്ങളുടെ കൂട്ടത്തിൽ കേരളത്തിലെ ചില ചെറു പട്ടണങ്ങൾ പോലും ഉൾപ്പെട്ടിരുന്നു. എന്നാൽ, എന്തുകൊണ്ടോ 5ജിയുടെ കാര്യത്തിൽ ആ പരിഗണന കേരളത്തിനു നൽകിയിട്ടില്ല. അതേസമയം, രണ്ടാം ഘട്ടത്തിലെ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി ഒക്കെ ഇടംപിടിക്കുമെന്നാണ് കരുതുന്നത്. മൈ ജിയോ ആപ്പിൽ ഇപ്പോൾ വെൽക്കം ഓഫർ പ്രതിഫലിക്കുന്നില്ലെങ്കിൽ പോലും താമസിയാതെ അതു കിട്ടിയേക്കും എന്നു കരുതുന്നു. 

നിങ്ങളുടെ 5ജി ഫോണിൽ ജിയോ 5ജി ലഭിക്കുമോ?

നിലവിൽ എൻ28, എൻ78, എൻ258 ബാൻഡുകളിലാണ് ജിയോ 5ജി പ്രക്ഷേപണം ആരംഭിച്ചിരിക്കുന്നതെന്ന് ബിസിനസ് സ്റ്റാൻഡർഡ് റിപ്പോർട്ടു ചെയ്യുന്നു. എന്നു പറഞ്ഞാൽ ചില 5ജി ഫോണുകളിൽ പോലും ജിയോ സേവനം ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, പല ഫോൺ നിർമാതാക്കളും, തങ്ങൾ വിറ്റ ഹാൻഡ്സെറ്റുകൾക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നൽകി 5ജി സേവനത്തിനായി ഒരുക്കുന്നും ഉണ്ട്.

എങ്ങനെ അറിയാം?

ആൻഡ്രോയിഡ് ഫോണുകളിൽ ‘മൊബൈൽ നെറ്റ്വർക്ക് അല്ലെങ്കിൽ തതുല്യമായ പേരുകളിൽ ഉള്ള വിഭാഗത്തിൽ പ്രവേശിക്കുക. തുടർന്ന് ‘ജിയോ സിം’ തിരഞ്ഞെടുക്കുക. അവിടെ ‘പിഫേഡ് നെറ്റ്വർക്ക് തിരഞ്ഞെടുക്കുക. അതിൽ 5ജി ഓപ്ഷൻ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുക. പിന്നീട് 5ജി പ്രക്ഷേപണം ഉള്ള പ്രദേശങ്ങളിൽ 5ജി സിംബൽ, ഇപ്പോൾ 4ജി കാണിക്കുന്നത് പോലെ കാണിച്ചു തുടങ്ങും.

എന്നാൽ, 5ജി ഐഫോണുകളിൽ സെറ്റിങ്സിൽ സെല്ലുലർ മെനുവിലാണ് പോകേണ്ടത്. അവിടെ സെല്ലുലർ ഡേറ്റാ ഓപ്ഷൻ തിരഞ്ഞെടുക്കുക. അവിടെ 5ജി ആക്ടിവേറ്റു ചെയ്യാനായി വോയിസ് ആൻഡ് ഡേറ്റാ ഓപ്ഷനിൽ സ്പർശിക്കുക. അവിടെ രണ്ടു ഓപ്ഷനുകളാണ് ഉള്ളതെന്നാണ് റിപ്പോർട്ട്-ഓട്ടോ, 5ജി ഓൺ. നിങ്ങളുടെ ഐഫോൺ 5ജി ലഭിക്കുന്ന ഇടങ്ങളിൽ 5ജിയിലേക്ക് മാറും. പിന്നീട് 5ജി സിംബലും കാണാനാകും. അതേസമയം, ഇന്ത്യയിൽ ഐഫോണുകളിൽ 5ജി ലഭിക്കണമെങ്കിൽ ഈ വർഷം അവസാനമെങ്കിലും ആയേക്കുമെന്നാണ് സൂചന.

Verified by MonsterInsights