ഗ്രീൻ ടീക്ക് ശേഷം ട്രൻഡിങിൽ ​ഗ്രീൻ കോഫി; അറിയാം ​ഗുണങ്ങളും അപകടസാധ്യതകളും

ഒരു സമയത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിരുന്ന ഒന്നായിരുന്നു ​ഗ്രീൻ ടീ. അമിത ഭാരം കുറയ്ക്കാനും മെറ്റബോളിസം നിയന്ത്രിക്കാനുമെന്നുമൊക്കെയെന്ന് പറഞ്ഞ് പലരും ഇത് ഉപയോ​ഗിച്ചിരുന്നു. എന്നാൽ ഇതിന് ശരീര ഭാരത്തെ നിയന്ത്രിക്കാൻ സാധിക്കില്ല എന്നും പിന്നീട് കണ്ടെത്തലുകൾ പുറത്ത് വന്നിരുന്നു. ഇപ്പാഴിതാ ഗ്രീൻ കോഫിയും ട്രെൻഡിങ് ആവുകയാണ്. ​ഗ്രീൻ ടീക്കുണ്ടെന്ന് പറഞ്ഞിരുന്ന പല ​ഗുണങ്ങളും ഗ്രീൻ കോഫിക്കും ഉണ്ടെന്ന് ഇന്റർനെറ്റ് അവകാശപ്പെടുന്നു. എന്നാൽ ​ഗ്രീൻ ടീയെ പോലെ ഇതും ഒരു മാർക്കറ്റ് സൃഷ്ടി ആണോയെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

 

എന്താണ് ​ഗ്രീൻ കോഫി ?

സാധാരണ ​ഗതിയിൽ കോഫിക്കായി വറുത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ ​ഗ്രീൻ കോഫിയിൽ അങ്ങനെയല്ല, ഇതിൽ വറുക്കാത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. വറുക്കുമ്പോൾ വിഘടിക്കുന്ന പല ഘടകങ്ങളുടെയും ​ഗുണം ഇവിടെ നഷ്ടമാവില്ല. ഗ്രീൻ കോഫി ബീൻസിൽ ഉള്ള ഉയർന്ന അളവിലെ ക്ലോറോജെനിക് ആസിഡ് ശരീരഭാരം കുറയ്ക്കൽ, രക്തസമ്മർദ്ദം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ എന്നിവയ്ക്ക് സഹായകമാണ്.

ഗ്യാസ്ട്രോഎൻട്രോളജി റിസർച്ച് ആൻഡ് പ്രാക്ടീസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത് ഗ്രീൻ കോഫി എക്സ്ട്രാക്റ്റ് ഉപയോ​ഗിക്കുന്നവരിൽ ശരീരഭാരം കുറയുന്നതായി കാണാൻ സാധിക്കുന്നു എന്നാണ്. ദി ഇന്ത്യൻ ജേണൽ ഓഫ് ഇന്നൊവേറ്റീവ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും അമിതവണ്ണമുള്ളവരിൽ ഗ്രീൻ കോഫി എക്സ്ട്രാക്‌റ്റ് ഉണ്ടാക്കിയ മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. ഫലങ്ങൾ അനുസരിച്ച് ഇത് മെറ്റബോളിസം ബൂസ്റ്റിംഗ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കൊഴുപ്പിൻ്റെ ആഗിരണം കുറയ്ക്കുക തുടങ്ങിയവ ചെയ്യുന്നതായി കണ്ടെത്തി. ഗ്രീൻ കോഫിയിലെ ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ഹൃദയ വീക്കം കുറയ്ക്കുകയും ക്യാൻസർ പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ദിവസവും അമിതമായി കഫീൻ ഉപയോ​ഗിക്കുന്നത് പൊതുവെ ശരീരത്തിന് നല്ലതല്ല. കഫീന്‍ കാൽസ്യം ആ​ഗിരണം ചെയ്യുന്നത് കൂടുതൽ ആയതിനാൽ കാൽസ്യം കു‌റവുള്ളവരേയും ഓസ്റ്റിയോപൊറോസിസ് ഉള്ളവരേയും ഇത് ബാധിച്ചേക്കാം. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഗ്രീന്‍ കോഫി ഉപയോ​ഗിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.,

Verified by MonsterInsights