ഹാപ്പിനസ് ഫെസ്റ്റിവലിന് ഒരുങ്ങി തളിപ്പറമ്പ്

ഡിസംബര്‍ 18 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. ധര്‍മശാല ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററില്‍ ചലച്ചിത്ര താരം അജു വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  എം വി ഗോവിന്ദന്‍ മാസ്റ്റര്‍  എം എല്‍ എ അധ്യക്ഷത വഹിച്ചു. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബർ 19ന് വെെകിട്ട് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. ലോകസിനിമയുടെ ചലനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ചലച്ചിത്ര പ്രേമികളുടെ ഇഷ്ട ചിത്രങ്ങളും ക്ലാസിക് ദൃശ്യാനുഭവങ്ങളുമൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും അണിനിരക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും. സാംസ്കാരിക സമ്പന്നതയും അതിനൂതന ഷോപ്പിംഗ് അനുഭവവും സമന്വയിക്കുന്ന അസുലഭ സന്ദർഭമായി ഫെസ്റ്റ് മാറും.

ഫെസ്റ്റിവൽ രാവുകളെ സംഗീത സാന്ദ്രമാക്കുവാൻ, സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ ഫെസ്റ്റിന്റെ വിവിധ ദിവസങ്ങളിൽ അരങ്ങേറും. ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, കാഴ്ചയുടെ വർണ്ണ വസന്തം തീർക്കുവാൻ വെെവിദ്ധ്യങ്ങളുടെ അതുല്യ ശേഖരവുമായി അവതരിപ്പിക്കുന്ന ഫ്ലവർ ഷോ, കുട്ടികളെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് കെെപിടിക്കുന്ന അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്കിൽത്രസിപ്പിക്കുന്ന റെെഡുകളും, പുത്തൻ ഗെയിമുകളും സജ്ജമാക്കും. ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന വിപുലമായ എക്സിബിഷനുകളിലൂടെ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ ഉൽപ്പന്ന, സേവനങ്ങൾ വിപണനത്തിനെത്തും.

രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഫുഡ്കോർട്ടുകളിലൂടെ കേരളത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും തനത് രുചിക്കൂട്ടുകൾ സ്വാദിന്റെ കലവറ തുറക്കും.  കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റിൽ അതിനൂതന കാർഷിക സാങ്കേതികവിദ്യകൾ, കൃഷി രീതികൾ, വിത്തുകൾ, എന്നിവയുടെ പ്രദർശനവും വിപണനവും നടത്തും. നാടിന്റെ കാർഷിക പാരമ്പര്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമായി അഗ്രികൾച്ചറൽ ഫെസ്റ്റ് മാറും. നാട്ടറിവുകളുടേയും നാടൻ കലാമികവിന്റെയും കേളികൊട്ടുയർത്തിക്കൊണ്ട് പ്രശസ്ത നാടൻ കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങിലെത്തും. നാടൻ പാട്ടുകൾ, നാടോടി നൃത്തങ്ങൾ എന്നിവ അരങ്ങേറും. അറിവിന്റെയും അക്ഷരങ്ങളുടേയും പുതുവാതായനങ്ങൾ തുറക്കുന്ന പുസ്തകോത്സവത്തിൽ നൂറുകണക്കിന് എഴുത്തുകാരുടെയും, പ്രശസ്ത പ്രസാധകരുടെയും പുസ്തകങ്ങൾ വായനക്കാരിലെത്തും.

ഫെസ്റ്റിനോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും   മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. നവംബർ 1 മുതൽ 15 വരെ വിവിധ പ്രദേശങ്ങളിലായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഡയബറ്റിസ്, പീഡിയാട്രിക് അസുഖങ്ങൾ, ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പുകളുൾ തുടങ്ങി വിവിധ സ്പെഷ്യലൈസ്ഡ് ക്യാമ്പുകൾ നടത്തും. കായിക തരങ്ങളെ കണ്ടെത്തുകയും അവരെ മികവിലേക്കുയർത്തുകയും ചെയ്യുന്ന കായിക മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ നാടിന്റെ പൊതുഇടങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാനമായ ഇടപെടലാവും.

Verified by MonsterInsights