ന്യൂയോര്‍ക്ക്: ചരിത്രത്തിൽ ആദ്യമായി കറുത്തവംശജയെ പ്രസിഡന്റായി നിയമിച്ച് വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല. നിലവില്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് വിഭാഗം ഡീന്‍ ആയ ക്ലൌഡിന്‍ ഗേയെയാണ് സര്‍വകലാശാലയുടെ പ്രസിഡന്റായി നിയമിച്ചത്. ഈ പദവിയില്‍ എത്തുന്ന കറുത്തവംശജയായ ആദ്യ സ്ത്രീയാണ് ക്ലൌഡിന്‍. 2023 ജൂലൈ ഒന്നിനാണ് യൂണിവേഴ്‌സിറ്റിയുടെ 30-ാമത്തെ പ്രസിഡന്റായി ക്ലൌഡിന്‍ അധികാരത്തിലെത്തുന്നത്.
2018ലാണ് യൂണിവേഴ്‌സിറ്റിയുടെ ആര്‍ട്ട് ആന്റ് സയന്‍സ് വിഭാഗം മേധാവിയായി ക്ലൌഡിന്‍ അധികാരത്തിലെത്തിയത്. കൊവിഡ് മഹാമാരി പടര്‍ന്ന സാഹചര്യമായിരുന്നു അത്. അപ്പോഴും തന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ക്ലൌഡിന്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം സര്‍വകലാശാലയുടെ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ കൂടിയാണ് ക്ലൌഡിൻ.
ഈ പദവിയിലെത്താന്‍ എല്ലാ അര്‍ഹതയുമുള്ള വ്യക്തിയാണ് ക്ലൌഡിന്‍ എന്ന് സര്‍വകലാശാല പ്രസിഡന്‍ഷ്യല്‍ സെര്‍ച്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. സര്‍വകലാശാലയുടെ അക്കാദമിക മികവ് മെച്ചപ്പെടുത്തുന്നതിനായി അശ്രാന്തമായി പരിശ്രമിച്ച വ്യക്തിയാണ് ക്ലൌഡിന്‍ എന്ന് സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായ പെന്നി പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു. അതേസമയം അഭിമാനകരമായ പദവിയിലെത്തിയതിന് പിന്നാലെ പ്രതികരണവുമായി ക്ലൌഡിനും രംഗത്തെത്തിയിരുന്നു.
‘ സാമൂഹികവും രാഷ്ട്രീയവും സാങ്കേതികവുമായി മാറ്റത്തിന്റെ പാതയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു, നമ്മളെ പോലുള്ളവര്‍ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തണം എന്നതിനെയൊക്കെക്കുറിച്ചുള്ള നിരവധി അടിസ്ഥാന അനുമാനങ്ങള്‍ പരീക്ഷിക്കപ്പെടുന്ന കാലം കൂടിയാണിത്,’ ക്ലൌഡിൻ പറഞ്ഞു.
എന്നാല്‍ ഇനി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയ്ക്ക് ഒരു പരീക്ഷണസമയമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ക്ലൌഡിന്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുപിന്നാലെ ആ പരീക്ഷണം സര്‍വകലാശാലയ്ക്ക് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍വകലാശാല പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയെ ഉദ്ദേശിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രവേശന നയങ്ങള്‍ക്കെതിരെയാണ് കേസ് നടക്കുന്നത്. സര്‍വകലാശാല പ്രവേശനങ്ങളില്‍ വംശീയതയുടെ പേരില്‍ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്.
സ്റ്റുഡന്റ്‌സ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് എന്ന വിദ്യാര്‍ത്ഥി സംഘമാണ് പരാതിയുമായി മുന്നോട്ട് വന്നത്. വംശത്തിന്റെ പേരില്‍ സര്‍വകലാശാല അധികൃതര്‍ കാണിക്കുന്ന വിവേചനം അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി പ്രവേശനത്തെയാണ് ബാധിക്കുന്നത് എന്ന് കാട്ടിയാണ് ഇവര്‍ രംഗത്തെത്തിയത്.
നിരവധി പ്രതിഭകളെ വാര്‍ത്തെടുത്ത സര്‍വകലാശാലയെന്ന ബഹുമതിയ്ക്ക് അർഹരാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല. ഇക്കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഒരു മുന്‍ ഡിജിപിയുടെ പ്രസ്താവനയിലൂടെ സര്‍വകലാശാല കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു.
ഒരു മുന്‍ ഡിജിപി മോട്ടിവേഷണല്‍ ക്ലാസിനിടെ പറഞ്ഞ ഒരു കാര്യമാണ് വിവാദപരമായ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ കിഴക്കോട്ട് മുഖം വരുന്ന രീതിയിലുള്ള വൃത്താകൃതിയിലുള്ള ക്ലാസ് മുറികളില്‍ ഇരുന്ന് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിജയം നേടാനായെന്നാണ് മുന്‍ ഡിജിപി അവകാശപ്പെട്ടത്. എന്നാല്‍ അത്തരമൊരു സംഭവം തങ്ങളുടെ അറിവില്‍ ഇല്ലെന്നായിരുന്നു സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്.