രാജ്യത്തുടനീളം കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ചു. ഓരോ പ്രദേശത്തും വ്യത്യസ്തമായ രീതിയിലുള്ള ആചാരങ്ങൾ ഹോളിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ആ വൈവിധ്യം തന്നെയാണ് ഹോളിയുടെ സൗന്ദര്യവും. വ്യത്യസ്തമായ ആചാരത്തിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയും അപവാദമല്ല. ബീഡിലെ ഒരു ഗ്രാമത്തിൽ നിന്ന് 200ഓളം മരുമക്കളെ (മകളുടെ ഭർത്താവ്) കാണാതായി എന്നതാണ് വാർത്ത. ഇങ്ങനെ മരുമക്കളെ കാണാതാകുന്നതിന് പിന്നിൽ രസകരമായ ഒരാചാരമുണ്ട്. ഗ്രാമത്തിലെ മരുമക്കളെ കാണാതായാൽ അതിനർത്ഥം ഹോളി എത്തിയെന്നാണ്. കാരണം ഹോളി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമത്തിലെ മരുമക്കളിൽ ഒരാളെ കഴുതപ്പുറത്ത് ഇരുത്തി ഗ്രാമമൊട്ടാകെ പ്രദക്ഷിണം നടത്തുന്നതാണ് ഇവിടത്തെ ആചാരം.
രസകരമായ ഈ ആചാരം പിന്തുടരുന്നത് ബീഡ് ജില്ലയിലെ വിദാ ഗ്രാമത്തിലാണ്. ഈ പ്രദക്ഷിണത്തിന്റെ ഭാഗമാകാതിരിക്കാൻ ഈ ഗ്രാമത്തിലെ മരുമക്കൾ ഹോളിയാകാറാകുമ്പോൾ ഗ്രാമത്തിൽ നിന്നും മുങ്ങും. മരുമക്കളുടെ താൽക്കാലിക തിരോധാനം പതിവായതോടെ അവരെ കണ്ടെത്താൻ ഗ്രാമവാസികൾ പ്രത്യേക വഴിയും കണ്ടെത്തി. ഇതിനായി ഗ്രാമത്തിൽ മരുമകൻ ഗവേഷണ സമിതി എന്ന സംവിധാനം സ്ഥാപിച്ചു. ഈ സമിതി പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ പോകുന്ന മരുമക്കളുടെ ലിസ്റ്റ് തയ്യാറാക്കി വയ്ക്കും. ലിസ്റ്റിലുള്ളവർ സമിതിയുടെ നിരീക്ഷണത്തിലും ആയിരിക്കും.
ഗ്രാമത്തിന്റെ പാരമ്പര്യം നിലനിർത്താൻ, ധൂൽവാഡിക്ക് (ഹോളി) രണ്ട് ദിവസം മുമ്പ് മരുമക്കളെ കണ്ടെത്താൻ ഗ്രാമത്തിലെ യുവാക്കൾ ഒരു കമ്മിറ്റി രൂപീകരിക്കും. എല്ലാ വർഷവും ധൂൽവാഡി പ്രദക്ഷിണത്തിനായി സെർച്ച് കമ്മിറ്റി ഒരു മരുമകനെ തിരഞ്ഞെടുക്കും. ആഘോഷ ദിവസം മരുമകനെ കഴുതയുടെ മുകളിൽ ഇരുത്തി ഗ്രാമം മുഴുവൻ ഘോഷയാത്രയായി പ്രദക്ഷിണം നടത്തും. പക്ഷേ തിരഞ്ഞെടുക്കപ്പെടുന്നയാളെ സംബന്ധിച്ചിടത്തോളം ഇത് നഷ്ടകച്ചവടമല്ല. അക്ഷരാർഥത്തിൽ ജാക്ക്‌പോട്ട് പോലെ ചില ഞെട്ടിക്കുന്ന സമ്മാനങ്ങളും കിട്ടും.
ഹോളി ദിനത്തിൽ പഞ്ചായത്തിൽ ഒരു കഴുതയെ കൊണ്ടു വന്ന് കഴുത്തിൽ ചെരുപ്പ് മാല ചാർത്തുകയും അതിനുശേഷം ഘോഷയാത്ര ആരംഭിക്കുകയുംചെയ്യും. ഗ്രാമമൊട്ടാകെസഞ്ചരിക്കുന്ന ഈ ഘോഷയാത്ര അന്ന് ഉച്ചയോടെ ഹനുമാൻ ക്ഷേത്രം കടന്ന് ഗ്രാമത്തിലെ പ്രധാന റോഡിലൂടെ കടന്നുപോകും. ഇവിടെയാണ് മരുമകനുള്ള ജാക്ക്പോട്ടുള്ളത്. ഗ്രാമവാസികൾ സംഭാവനകളിലൂടെ വലിയ തുകകൾ ശേഖരിക്കുകയും ഗ്രാമത്തിലെ പ്രമുഖർ മരുമകന് ആ തുക സമ്മാനമായി കൊടുക്കുകയും ചെയ്യും. കൂടാതെ വിലകൂടിയ വസ്ത്രങ്ങളുൾപ്പടെ ധാരാളം മറ്റ് സമ്മാനങ്ങളും കിട്ടും. ഭാര്യാപിതാവ് സ്വർണ്ണമോതിരമാണ് സമ്മാനമായി നൽകേണ്ടത്. ഇതൊക്കെ കിട്ടുമെങ്കിലും ഒരു മരുമകനും ഈ പ്രദക്ഷിണത്തിന്റെ ഭാഗമാകാൻ തയ്യാറല്ല. അതിനാലാണ് ഹോളി ആകാറാകുമ്പോൾ ഗ്രാമത്തിലെ മരുമക്കളെ കൂട്ടത്തോടെ കാണാതാകുന്നത്. കഴുതപ്പുറത്തുള്ള സവാരി അത്ര അഭിമാനകരമല്ല എന്നാണ് മരുമക്കളുടെ നിലപാട്.