ഹോണ്ട സിറ്റിയെ ‘പോർഷെ 356 സ്പീഡസ്റ്ററാക്കി’ യുവാവ്

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള സ്പോർട്സ് കാർ ബ്രാൻഡാണ് പോർഷെ. കോടികൾ വില വരുന്ന കാറുകളാണ് പോർഷെ പുറത്തിറക്കുന്നത്. പോർഷെയുടെ ആദ്യ മോഡലാണ് 356 സ്പീഡസ്റ്റർ.. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പോർഷെ മോഡലുകളിൽ ഒന്ന് കൂടിയാണിത്. ഇന്ത്യയിൽ പോർഷെ 356 സ്പീഡസ്റ്റർ മോഡൽ കണ്ടെത്താൻ പ്രയാസമായിരിക്കും. എന്നാൽ ഒരു ഹോണ്ട സിറ്റി കാറിനെ പോർഷെ 356 സ്പീഡസ്റ്ററാക്കി മാറ്റിയിരിക്കുകയാണ് ഗോവയിൽനിന്നുള്ള ഒരു യുവാവ്. സ്വന്തം വീട്ടിൽവെച്ച് തന്നെയാണ് ഈ മേക്കോവർ നടത്തിയത്.

ടോക്കിംഗ് കാർസ് എന്ന യൂട്യൂബ് ചാനലാണ് ഈ കാറിന്റെ വീഡിയോ പുറത്തുവിട്ടത്. ഏറെകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഹോണ്ട സിറ്റി കാർ, പോർഷെയാക്കി മാറ്റാനായതെന്ന് യുവാവ് പറയുന്നു. വീട്ടിൽ തന്നെയാണ് മുഴുവൻ അസംബിൾ ജോലികളും പൂർത്തിയാക്കിയത്.

വീഡിയോയിൽ, വൈറൽ കാറിന്റെ ഉടമ, അതേക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഓടിച്ചു കാണിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പൂർണമായും പോർഷെ 356 സ്പീഡസ്റ്ററിന്‍റേത് പോലെയല്ല മേക്കോവർ. യഥാർത്ഥ പോർഷെ 356 സ്പീഡ്സ്റ്ററിന് പിൻഭാഗത്താണ് എഞ്ചിൻ. എന്നാൽ, ഹോണ്ട സിറ്റി ടൈപ്പ് 2 ഓട്ടോമാറ്റിക് സെഡാന് മുൻഭാഗത്താണ് എഞ്ചിനുള്ളത്. ഇതൊഴിച്ചാൽ ഏറെക്കുറെ സമാനമായ രീതിയിൽ തന്നെയാണ് പോർഷെ 356 സ്പീഡസ്റ്ററായുള്ള കാറിന്‍റെ മേക്കോവർ.

ബോഡി നിർമ്മാണം ഏറെ ശ്രമകരമായിരുന്നുവെന്ന് യുവാവ് പറയുന്നു. ആദ്യം യഥാർത്ഥ കാറിന്റെ ഒരു 3D ചിത്രം കണ്ടെത്തിയാണ് ബോഡി ഡിസൈൻ ചെയ്യാൻ തുടങ്ങിയത്. ഇതിനുശേഷം, പോർഷെ 356 സ്പീഡ്‌സ്റ്ററിനെപ്പോലെ തോന്നിപ്പിക്കുന്ന തരത്തിൽ പുറംഭാഗം രൂപപ്പെടുത്തിയെടുക്കാൻ നാലുവർഷത്തോളം സമയമെടുത്തു. സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെയാണ് കാറിന്‍റെ ത്രീഡി മോഡൽ നിർമ്മിച്ചെടുത്തത്.

അതുപോലെ ഏറെ കാലമെടുത്താണ് ഇന്‍റീരിയർ ജോലികളും പൂർത്തിയാക്കിയത്. സീറ്റുകൾ, ഡാഷ്‌ബോർഡ്, ബൂട്ട് കവർ എന്നിവയൊക്കെ ഒറിജിനൽ പോർഷെയെ അനുസ്മരിപ്പിക്കുംവിധമാണ് തയ്യാറാക്കിയിട്ടുള്ളത്. കാഴ്ചയിൽ മനോഹരമായി തോന്നുമെങ്കിലും എന്നിരുന്നാലും ഇനിയുമേറെ ജോലികൾ പൂർത്തിയാക്കാനുണ്ടെന്നാണ് ഗോവ സ്വദേശിയായ യുവാവ് പറയുന്നത്.

 
Verified by MonsterInsights