ഹോട്ടലിലെ അതിഥികള്‍ക്ക് സുഖമായി ഉറങ്ങാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ആഡംബര ഹോട്ടലുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (artificial intelligence) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മെത്തകൾ വ്യാപകമാകുന്നു. അതിഥികൾക്ക് സുഖനിദ്ര പ്രദാനം ചെയ്യുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ടൂറിസത്തിന്റെ മികച്ച സാധ്യതകളായി ഇവ മാറുമെന്നാണ് കരുതപ്പെടുന്നത്. 2022ലാണ് ന്യൂയോർക്കിലെ പാർക്ക് ഹയാത്ത് ഹോട്ടൽ 84 ചതുരശ്ര മീറ്റർ ഉള്ള ഒരു സ്യൂട്ട് അതിഥികളുടെ സുഖനിദ്രയ്ക്കായി ഒരുക്കിയത്. തിരക്കിൽ നിന്നും വിട്ട് വിശ്രമിക്കാനെത്തുന്നവർക്ക് വളരെ നല്ലൊരു അനുഭവം പ്രദാനം ചെയ്യുക എന്നതായിരുന്നു ഇതുവഴി ഹോട്ടൽ ലക്ഷ്യമിട്ടത്. അതിഥികൾക്ക് സുഖമായി ഉറങ്ങാൻ ആവശ്യമായ അരോമ ഡിഫ്യൂസറും അതിനേക്കാളുപരി പ്രത്യേക തരത്തിലുള്ള മെത്തയുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ബ്രൈറ്റ് എന്ന കമ്പനിയാണ് ഈ മെത്തകൾ നിർമിച്ചത്. സുഖ നിദ്ര നൽകുന്ന ഈ മെത്തകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യക്തികൾക്ക് അനുസൃതമായി സജ്ജീകരിച്ചിരിക്കുന്ന 90 കുഷ്യൻസും ഈ മെത്തയുടെ സവിശേഷതകളിലൊന്നാണ്.

കൂടാതെ ഉറങ്ങുന്ന വ്യക്തികളുടെ ഹൃദയസ്പന്ദന നിരക്കും ശ്വസോച്ഛാസ നിരക്കും മെത്ത സദാ നിരീക്ഷിക്കുന്നു. ഓരോരുത്തർക്കും ആവശ്യമായ രീതിയിൽ താപനില ക്രമീകരിക്കാനും ഈ മെത്തയിൽ സൗകര്യമുണ്ട്. ഇതെല്ലാം സമാധാന പൂർണ്ണമായ ഉറക്കം പ്രദാനം ചെയ്യുന്ന കാര്യങ്ങളാണ്.

ന്യൂയോർക്ക് പാർക്ക് ഹയാത്ത് ഹോട്ടൽ മാത്രമല്ല ഇത്തരം മെത്തകൾ ഉപയോഗിക്കുന്നത്. ബെവേർളി ഹിൽസിലെ ലണ്ടൻ വെസ്റ്റ് ഹോളിവുഡ്, സാൻഫ്രാൻസിസ്‌കോയിലെ കാവല്ലോ പോയിന്റ്, ന്യൂയോർക്കിലെ പാർക്ക് ടെറസ് എന്നീ ഹോട്ടലുകളിലും ഇത്തരം മെത്തകൾ ഉപയോഗിക്കുന്നുണ്ട്.

അതേസമയം ബ്രൈറ്റ് എന്ന കമ്പനി മാത്രമല്ല ഈ മെത്തകളുടെ നിർമ്മാതാക്കൾ. 2022ൽ ലാസ് വേഗാസിലെ സിഇഎസ് കൺസ്യൂമർ ടെക്‌നോളജി എന്ന കമ്പനിയും സമാന രീതിയിലുള്ള മെത്തകളുമായി രംഗത്തെത്തിയിരുന്നു. വ്യക്തികളുടെ ഉറക്കത്തിന്റെ പ്രത്യേകതകൾ അനുസരിച്ചുള്ള മെത്തകളായിരുന്നു അവ.

ഇവയ്‌ക്കെല്ലാം ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത വർധിച്ച് വരികയാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. എന്നാൽ ഇവ നിർമ്മിക്കാനാവശ്യമായ ഉപകരണങ്ങളുടെ വില വളരെ കൂടുതലാണ്. എന്നാൽ സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഉറക്കം പ്രദാനം ചെയ്ത് സ്ലീപ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ മെത്തകൾ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്.

Verified by MonsterInsights