ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ 90 ശതമാനം ജോലികളും പൂർത്തിയായി. 180 മീറ്റർ നീളമുള്ള ഓർത്തോട്രോപ്പിക് സ്റ്റീൽ ഡെക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയുടെ സാന്നിദ്ധ്യത്തിൽ സ്ഥാപിച്ചു. പൂനെ അതിവേഗ പാതയിൽ നിന്ന് നഗരത്തിരക്ക് ഒഴിവാക്കി ദക്ഷിണ മുംബൈയിലേക്ക് എത്താവുന്ന കടലിന് മുകളിലൂടെയുള്ള പാതയാണിത്.21.8 കിലോമീറ്ററിൽ ആറുവരിപാത. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും നീളംകൂടിയ കടൽപ്പാലമാകുമിത്. 16.5 കിലോമീറ്ററാണ് കടലിനു മുകളിലൂടെയുള്ളത്. സെവ്രിയിൽനിന്ന് തുടങ്ങി പ്രശസ്തമായ എലിഫന്റാ ദ്വീപിന്റെ വടക്കുവശത്തുകൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിർലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്.

2023 അവസാനത്തോടെ പാലത്തിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് വിലയിരുത്തൽ. മൊത്തത്തിൽ 70 ഓർത്തോട്രോപിക് സ്റ്റീൽ ഡെക്കുകൾ(ഒഎസ്ഡി) പാലത്തിൽ സ്ഥാപിക്കേണ്ടതായുണ്ട്. അതിൽ 36 ഡെക്കുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഓർത്തോട്രോപിക് സ്റ്റീൽ ഡെക്കുകൾ രാജ്യത്ത് ആദ്യമായാണ് ഉപയോഗിക്കുന്നത്.

ജലനിരപ്പിൽ നിന്ന് ഏകദേശം 25 മീറ്റർ ഉയരം ക്ലിയറൻസ് നൽകുന്നതിനാൽ അവയ്ക്ക് കീഴിലുള്ള കപ്പലുകളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ അവ സഹായിക്കുന്നു. ഇതൊരു പരിസ്ഥിതി സൗഹാർദ മറൈൻ ഹൈവെയാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഇന്ത്യാടുഡേയോട് പറഞ്ഞു. ലോകോത്തര നിലവാരത്തിലാണ് ഇതിന്റെ പ്രവർത്തനം. ഓപ്പൺ റോഡ് ടോളിംഗ് സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ റോഡായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Verified by MonsterInsights