ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകള്‍ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99-ാമത് മൻ കീ ബാത്ത് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു. “ഇന്ന്, ഇന്ത്യയുടെ സാധ്യതകൾ ഒരു പുതിയ വീക്ഷണകോണിൽ നിന്നാണ് ഉയർന്നുവരുന്നത്, അതിൽ നമ്മുടെ സ്ത്രീ ശക്തി വളരെ വലിയ പങ്ക് വഹിക്കുന്നു” അദ്ദേഹം പറഞ്ഞു.

“ദ എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കാർ പുരസ്‌കാരം നേടി നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായിക കാർത്തികി ഗോൺസാൽവസും രാജ്യത്തിന് പ്രശംസ നേടിക്കൊടുത്തു. ഈ വർഷം ആദ്യം ഇന്ത്യയുടെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം ടി-20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു” മോദി പറയുന്നു.

75 വർഷത്തിനിടെ നാഗാലാൻഡിൽ ആദ്യമായാണ് രണ്ട് വനിതാ നിയമസഭാംഗങ്ങൾ വിധാൻസഭയിലെത്തുന്നത്. യുഎൻ മിഷന്റെ കീഴിലുള്ള സമാധാന പരിപാലനത്തിൽ മുഴുവൻ സ്ത്രീകളുമുള്ള പ്ലാറ്റൂണിനെയും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. സ്ത്രീകൾ എല്ലാ മേഖലകളിലും കരുത്ത് പ്രകടിപ്പിക്കുന്നുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു.

എല്ലാ മാസത്തേയും അവസാന ഞായറാഴ്ച്ച ഓൾ ഇന്ത്യാ റേഡിയോയിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയാണ് മൻ കീ ബാത്ത്. ഇതിന്റെ നൂറാമത്തെ എപ്പിസോൺ ഏപ്രിൽ 30 നാണ്.  2014 ഒക്‌ടോബർ മൂന്നിനാണ് പ്രധാനമന്ത്രി മോദി തന്റെ ആദ്യ മൻ കീ ബാത്ത് പ്രസംഗം നടത്തിയത്.
Verified by MonsterInsights