ഇനി യുപിഐ വഴി ബാങ്ക് വായ്പയും, റിസര്‍വ് ബാങ്ക് പ്രഖ്യാപനം; വിശദാംശങ്ങള്‍

യുപിഐ സേവനത്തിന്റെ സാധ്യത വിപുലമാക്കാന്‍ നടപടിയുമായി റിസര്‍വ് ബാങ്ക്. യുപിഐ വഴി ബാങ്ക് വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യുപിഐ വഴി നല്‍കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

നിലവില്‍ നിക്ഷേപങ്ങള്‍ക്കാണ് പ്രധാനമായി യുപിഐ സേവനം ഉപയോഗിക്കുന്നത്. യുപിഐ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം.പണനയം പ്രഖ്യാപിച്ച്‌ കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ തീരുമാനം അറിയിച്ചത്.

യുപിഐ വഴിയും ബാങ്ക് വായ്പ ലഭ്യമാക്കാനാണ് അനുമതി. വായ്പ നേടുന്നതിന് ഉപഭോക്താക്കള്‍ സാധാരണയായി നേരിടുന്ന അമിത സമയവും കൂടുതല്‍ പ്രയത്‌നവും ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞ സംവിധാനം ആയത് കൊണ്ട് ബാങ്കുകള്‍ക്കും യുപിഐ വഴിയുള്ള വായ്പ വിതരണം സുഗമമായി നടത്താന്‍ സാധിക്കും. ഉപഭോക്താക്കളെ സംബന്ധിച്ച്‌ കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കാനുള്ള അവസരമാണ് ഇത് വഴി സാധ്യമാകുക എന്ന് വിദഗ്ധര്‍ പറയുന്നു.

ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച വായ്പ തുകയാണ് ക്രെഡിറ്റ് ലൈന്‍ വായ്പകള്‍. മുന്‍കൂട്ടി അനുവദിച്ച തുകയില്‍ ഉപയോക്താവിന് ആവശ്യമായത് മാത്രം പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ പിന്‍വലിച്ച തുകയ്ക്ക് മാത്രമേ പലിശ വരികയുള്ളൂ. ഇത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുന്നതാണ്. അതിനാല്‍ യുപിഐ വഴി ഈ സംവിധാനം വരുന്നത് ഉപയോക്താവിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

 

Verified by MonsterInsights