ഇന്ത്യയില്‍ ജനുവരി 24 ദേശീയ ബാലിക ദിനമായി ആചരിച്ച് വരികയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അസമത്വങ്ങളെ കുറിച്ച് പൊതു അവബോധം പ്രചരിപ്പിക്കുന്നതിനായി 2008ല്‍ വനിതാ ശിശു വികസന മന്ത്രാലയവും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ജനുവരി 24 ദേശീയ ബാലിക ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ, മെച്ചപ്പെട്ട ഭാവി എന്നിവയില്‍ പെണ്‍കുട്ടികള്‍ക്ക് തുല്യത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ആരംഭിച്ച അഞ്ചു പദ്ധതികള്‍ നോക്കാം.
സുകന്യ സമൃദ്ധി യോജന
ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ
പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 2015 ജനുവരി 22ന് തുടക്കമിട്ട പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. ഹരിയാനയിലെ പാനിപ്പത്തിലാണ് പദ്ധതി ആരംഭിച്ചത്. മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്നതാണ് ഈ ഹിന്ദി വാക്യത്തിന്റെ അര്‍ത്ഥം. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കാനും ആരോഗ്യ സംരക്ഷണം വിപുലീകരിക്കാനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കാനും ഇത് സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
ബാലിക സമൃദ്ധി യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമാണ് ഈ പദ്ധതി. ഈ സ്‌കീം അതിജീവനവും വിദ്യാഭ്യാസ പിന്തുണയും നല്‍കുന്നു. ഈ സ്‌കീമിന് കീഴില്‍ ഒരു പെണ്‍കുട്ടിക്ക് ക്ലാസ് അനുസരിച്ച് 300 രൂപ മുതല്‍ 1000 രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും. പത്താം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കൂടാതെ പെണ്‍കുട്ടി ജനിച്ചയുടന്‍ സര്‍ക്കാര്‍ 500 രൂപയുടെ സാമ്പത്തിക സഹായവും നല്‍കും.
സിബിഎസ്ഇയുടെ ഒറ്റമകള്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം
സിബിഎസ്ഇ അഫിലിയേഷനുള്ള സ്‌കൂളില്‍ പഠിച്ച് ആദ്യ 5 വിഷയങ്ങളില്‍ 70% എങ്കിലും മാര്‍ക്കോടെ 10 ജയിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പത്തിലെ പ്രതിമാസ ട്യൂഷന്‍ ഫീ 2500 രൂപയും 11, 12 ക്ലാസുകളിലെ ട്യൂഷന്‍ ഫീ 3000 രൂപയും കവിയരുത്. 11 ല്‍ സ്‌കോളര്‍ഷിപ്പ് കിട്ടിയവര്‍ക്ക് പുതുക്കാനും അപേക്ഷ നല്‍കാം. ഇതിന് 11 ല്‍ 50% എങ്കിലും മാര്‍ക്കോടെ ജയിച്ചിരിക്കണം. 10ലെ പ്രതിമാസ ട്യൂഷന്‍ ഫീ 1500 രൂപ കവിയരുത്. സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാന്‍ ചില പൊതുവ്യവസ്ഥകളുമുണ്ട്. കുടുംബവാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത്. 10, 11, 12 ക്ലാസുകളിലെ പഠനം സിബിഎസ്ഇ സ്‌കൂളിലായിരിക്കണം. ഒറ്റമകള്‍ ആയിരിക്കണം. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ രണ്ടു വര്‍ഷത്തേക്ക് ലഭിക്കും.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായി പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ പ്രോ
എസ് സി/എസ് ടി(SC/ST) വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സാമ്പത്തിക ഉന്നമനമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആണ് പദ്ധതിക്ക് തുടക്കമിട്ടത്. അര്‍ഹയായ പെണ്‍കുട്ടിക്ക് ഈ പദ്ധതി പ്രകാരം 3000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി ലഭിക്കും, കൂടാതെ അവര്‍ക്ക് പത്താംക്ലാസ് പൂര്‍ത്തിയായ ശേഷവും 18 വയസ് പൂര്‍ത്തിയായ ശേഷവും പലിശ സഹിതം തുക പിന്‍വലിക്കാം.