ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് പോരാട്ടങ്ങള്‍ കടുക്കുമ്പോള്‍ മത്സരം കൂടുതല്‍ ആവേശമാവുകയാണ്. സൂപ്പര്‍ ഫോറില്‍ നില്‍ക്കുന്നവരുടെ വഴിമുടക്കി അവസാന സ്ഥാനക്കാര്‍ ഉയര്‍ന്നുവരുന്നതോടെ ടൂര്‍ണമെന്റ് ആവേശകരമാവുകയാണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ്. അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഹൈദരാബാദിന്റെ ജയം.
IPL 2023: കളി തോല്‍പ്പിച്ചത് ഹൂഡ! ലഖ്‌നൗവിന്റെ വലിയ മണ്ടത്തരം- രൂക്ഷ വിമര്‍ശനം
ജയിക്കേണ്ട കളിയാണ് രാജസ്ഥാന്‍ കൈവിട്ട് കളഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരെപ്പോലെ ഹൈദരാബാദ് കളം നിറഞ്ഞ് കളിച്ചതോടെ രാജസ്ഥാന്‍ കളിമറന്നു. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ തീരുമാനങ്ങളൊന്നും കളത്തില്‍ ക്ലിക്കായില്ലെന്നതും ദൗര്‍ഭാഗ്യകരം. ഇപ്പോഴിതാ രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പിന്നാലെ ഒത്തുകളി ആരോപണം ശക്തമായി ഉയര്‍ത്തുകയാണ് ആരാധകര്‍. ഇതിന്റെ തെളിവുകളും ആരാധകര്‍ നിരത്തുന്നു.
ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവുകളെയാണ് പ്രധാനമായും ആരാധകര്‍ ഒത്തുകളി സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്. സഞ്ജു സാംസണ്‍ ഒരു അനായാസ റണ്ണൗട്ടവസരം പാഴാക്കി. ഇത് വിട്ടുകളയാമെങ്കില്‍ത്തന്നെ ഒബെഡ് മക്കോയി എറിഞ്ഞ 17ാം ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ അനായാസ ക്യാച്ച് സഞ്ജു പാഴാക്കിയിരുന്നു. സാധാരണ ഡൈവിങ് ക്യാച്ചുകള്‍ അനായാസമായി നേടുന്ന സഞ്ജു ഇത്രയും അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയത് എങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം.
മനപ്പൂര്‍വ്വം വിട്ടുകളയുന്ന പോലെയാണ് തോന്നിയതെന്നാണ് ആരാധകര്‍ പറയുന്നത്. തൊട്ടടുത്ത പന്തില്‍ ത്രിപാഠി സിക്‌സര്‍ പറത്തി. സഞ്ജു ത്രിപാഠിയുടെ ക്യാച്ചെടുത്തിരുന്നെങ്കില്‍ മത്സരം രാജസ്ഥാന് അനുകൂലമായി മാറുമായിരുന്നു. എന്നാല്‍ നായകന്‍ വരുത്തിയ വലിയ പിഴവില്‍ പിടിച്ചാണ് ഹൈദരാബാദ് വിജയത്തിലേക്ക് പിടിച്ചുകയറിയത്. സഞ്ജു സാധാരണ വിക്കറ്റിന് പിന്നില്‍ വലിയ മിടുക്കുകാട്ടുന്ന താരമാണെങ്കിലും ഹൈദരാബാദിനെതിരേ നിരാശപ്പെടുത്തി.
18ാം ഓവര്‍ എറിയാനെത്തിയ യുസ് വേന്ദ്ര ചഹാല്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി മത്സരം രാജസ്ഥാന് അനുകൂലമാക്കിയതാണ്. എന്നാല്‍ 19ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവ് എല്ലാം നശിപ്പിച്ചു. ആദ്യത്തെ മൂന്ന് പന്തും സിക്‌സര്‍ വഴങ്ങിയ താരം ഒരു ബൗണ്ടറിയും ഇതേ ഓവറില്‍ വിട്ടുകൊടുത്തു. ആദ്യത്തെ രണ്ട് സിക്‌സുകളും ഗ്ലെന്‍ ഫിലിപ്‌സ് നേടിയത് ഫുള്‍ട്ടോസിലാണ്. ജേസന്‍ ഹോള്‍ഡര്‍ മുംബൈക്കെതിരേ ചെയ്തതാണ് ഇപ്പോള്‍ കുല്‍ദീപും ചെയ്തിരിക്കുന്നത്.
IPL 2023: രോഹിത് നയിക്കും, റായിഡു നാലാമന്‍- ഈ സീസണിലെ ഫ്‌ളോപ്പ് 11 ഇതാ
24 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സന്ദീപ് ശര്‍മ ഓവര്‍ ചെയ്യാനിരിക്കെ രാജസ്ഥാന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. സിഎസ്‌കെയെ പിടിച്ചുകെട്ടിയ സന്ദീപിന് പക്ഷെ ഇത്തവണ പിഴച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ അബ്ദുല്‍ സമദിന്റെ അനായാസ ക്യാച്ച് സൃഷ്ടിക്കാന്‍ സന്ദീപിനായെങ്കിലും മക്കോയി അനായാസ ക്യാച്ച് പാഴാക്കി. ഇതും സംശയം ഉയര്‍ത്തുന്ന കാര്യമാണ്.
ഓവറിലെ അവസാന പന്ത് പൂര്‍ത്തിയാക്കി വിജയം നേടിയ കണക്കെ സന്ദീപ് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തവെയാണ് അത് നോബോളാണെന്ന വിധിയെത്തുന്നത്. ഇതോടെ ഫ്രീഹിറ്റായ പന്തിനെ സിക്‌സര്‍ പറത്തി അബ്ദുല്‍ സമദ് ഹൈദരാബാദിന് വിജയം സമ്മാനിക്കുകയായിരുന്നു. ഈ നോബോളും സംശയിക്കേണ്ടതാണെന്നും അവസാന പന്തുവരെ മത്സരം നീട്ടികൊണ്ടുപോകുന്നതിന് പിന്നില്‍ ഒത്തുകളി സംഘത്തിന്റെ ഇടപെടലുകളുണ്ടാവാമെന്നും ആരാധകര്‍ സംശയിക്കുന്നു.
ഒബെഡ് മക്കോയി ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ്. ഇംപാക്ട് പ്ലയറായെത്തി ഓരോവര്‍ മാത്രമാണ് താരം പന്തെറിഞ്ഞത്. അല്‍പ്പം കൂടി നേരത്തെ പന്തെറിയാന്‍ ഇറക്കണമായിരുന്നുവെന്ന ആരോപണവും ശക്തമായി ഉയരുന്നു. 19ാം ഓവറില്‍ എന്തുകൊണ്ടാണ് മക്കോയി എറിയാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കുല്‍ദീപ് യാദവിനെക്കാളും അനുഭവസമ്പന്നനും ഡെത്ത് ഓവര്‍ എറിഞ്ഞ് പരിചയസമ്പത്തുള്ളവനായിട്ടും താരത്തിന് 19ാം ഓവര്‍ നല്‍കാതിരുന്നതും കളി തോല്‍ക്കാന്‍ കാരണമായെന്ന് പറയാം.