ലോക ചിക്കൻ ദിനമായിരുന്നു ഇന്നലെ. മുട്ടയ്ക്കും ഇറച്ചിക്കുമായി വളരെ കാലം മുൻപു മുതൽ കോഴികളെ അടുക്കളമുറ്റത്ത് വളർത്തിയിരുന്നവരാണ് നാം. അതിലേക്കാണ് കുറഞ്ഞ കാലംകൊണ്ട് മികച്ച ശരീരവളർച്ച കൈവരിക്കുന്ന ബ്രോയിലർ കോഴികളുടെ കടന്നുവരവ്. ഒട്ടേറെ പേർക്ക് കുറഞ്ഞ കാലംകൊണ്ട് മികച്ച വരുമാനം നേടിക്കൊടുക്കുന്ന സംരംഭം കൂടിയാണ് ഇറച്ചിക്കോഴി വളർത്തൽ.
സമ്മിശ്രകൃഷി ചെയ്യുന്നവർ ഒട്ടേറെയുണ്ട് കേരളത്തിൽ ഒന്നിൽ തളർന്നാൽ മറ്റൊന്നിൽ വളരാമെന്ന തന്ത്രമാണ് അവരെ നയിക്കുന്നത്. അത് അംഗീകരിച്ചുകൊണ്ടുതന്നെ മൂവാറ്റുപുഴ പേഴക്കാപ്പള്ളിയിലെ യുവകർഷകൻ ബിനോയി ചേറാടി സമ്മിശ്രകൃഷിയിൽ കാണിച്ചുതരുന്നത് മറ്റൊരു സാധ്യതയാണ് വ്യത്യസ്ത വിളകളിൽ ഒന്നിലെങ്കിലും മികച്ച വരുമാനം ഉറപ്പാക്കിയാൽ മറ്റിനങ്ങൾ പരീക്ഷിക്കാം, ശങ്കയില്ലാതെ.
ഇന്നത്തെ സാഹചര്യത്തിൽ ബിനോയിയുടെ ഇക്കണോമിക്സ് ഏറെ പ്രസക്തം. അറിഞ്ഞോ അറിയാതെയോ കേരളത്തിൽ പലരും മുൻപു നടപ്പാക്കിവന്നതും ഇതു തന്നെ. റബർ എന്ന നങ്കൂരവിളയുടെ ബലത്തിൽ തെങ്ങും വാഴയും ചേനയും കപ്പയുമൊക്കെ കൃഷി ചെയ്ത തലമുറ ഇവിടെ ഉണ്ടായിരുന്നു. റബറിന്റെ കരുത്തു കുറഞ്ഞതിനാൽ ബിനോയി മറ്റൊരു സംരംഭത്തെ നങ്കൂരമാക്കിയെന്നു മാത്രം. ഇറച്ചിക്കോഴി വളർത്തലാണ് ബിനോയിയെ കൃഷിയിൽ ഉറപ്പിച്ചു നിർത്തുന്നത്. 6 ഷെഡുകളിൽനിന്ന് 10,000 കോഴികൾ വീതം ഇറങ്ങിപ്പോകുമ്പോഴുള്ള വരുമാനമാണ് ബിനോയിക്ക് ആത്മവിശ്വാസം നൽകുന്നത്. അതിന്റെ ബലത്തിൽ പൈനാപ്പിൾ, വാഴ, ഫലവൃക്ഷങ്ങൾ, തീറ്റപ്പുല്ല്, പശുവളർത്തൽ എന്നിവയെല്ലാം നടത്തുന്നു. പല തുള്ളി പെരുവെള്ളമെന്നപോലെ എല്ലാം കൂടിയാകുമ്പോൾ മാസവരുമാനം
ആറക്കമെത്തുന്നു.
കുടുംബസ്വത്തായി നാലരയേക്കർ റബർതോട്ടം കിട്ടിയ ബിനോയി സമ്മിശ്രകൃഷിയിലേക്കു മാറിയത് സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ കൂടിയാണ്. കൃഷിതാൽപര്യം മൂലം പത്താം ക്ലാസ് കഴിഞ്ഞ് വിഎച്ച്എസ് സി അഗ്രിക്കൾച്ചറിനു ചേർന്ന ബിനോയ്, പിന്നീട് സസ്യശാസ്ത്രത്തിൽ ബിരുദവും കാർഷിക സംരംഭകർക്കുള്ള എസിഎബിസി പരിശീലനവും പൂർത്തിയാക്കി. റബർ ഉപേക്ഷിച്ച് മിശ്രവിളക്കൃഷിയിലേക്കു ചാടിയ പലർക്കും കൈപൊള്ളിയപ്പോഴും ബിനോയി പിടിച്ചുനിന്നത് സാമ്പത്തിക കാര്യങ്ങളിലെ മുൻകരുതൽ കൊണ്ടുമാത്രമാണ്. പഠനകാലത്തുതന്നെ ഇറച്ചിക്കോഴി വളർത്തൽ ആരംഭിച്ച ഈ സംരംഭകന് ഒരിക്കലും കോഴികൾ നഷ്ടമുണ്ടാക്കിയിട്ടില്ല. ചെലവ് കുറഞ്ഞ വിധത്തിൽ സിൽപോളിൻ ഷീറ്റ് മേഞ്ഞ കോഴി ഷെഡുകളാണ് ഇവിടെ. ചൂടു കുറയ്ക്കാൻ ഷീറ്റിനടിയിൽ തണൽ വലകൾ വിരിച്ചിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങൾക്കു ചൂട് ലഭിക്കാനായി ഗ്യാസ് ബ്രൂഡറുകളാണ് ഉപയോഗിക്കുക. 4 ദിവസത്തേക്ക് ഒരു കുറ്റി ഗ്യാസ് മതി.
ഇറച്ചിക്കോഴികളെ 40 ദിവസം പ്രായത്തിൽ ഇന്റഗ്രേഷൻ രീതിയിൽ വിൽക്കുമ്പോൾ കിലോയ്ക്ക് 7-8 രൂപ നിരക്കിൽ പ്രതിഫലം ഉറപ്പ്. 2 മാസത്തിലൊരിക്കൽ ശരാശരി 22,000 കിലോ കോഴിയിറച്ചി ഉൽപാദിപ്പിക്കുന്ന ബിനോയിക്ക് ഒന്നര ലക്ഷം രൂപ ശമ്പളംപോലെ ഉറപ്പുള്ള വരുമാനമാണ്. അതുകൊണ്ടുതന്നെ മറ്റു കൃഷികളിൽ മുതൽമുടക്കാൻ ആശങ്കയില്ല. എന്നാൽ വിപണിയില്ലാത്ത വിളകൾക്കുവേണ്ടി സമയം കളയാൻ തയാറുമല്ല. വാഴയിനങ്ങളിൽ തീരെ വില ലഭിക്കാത്ത പാളയൻകോടൻ ഒഴിവാക്കി നേന്ത്രനൊപ്പം ഞാലിപ്പൂവനും കൂമ്പില്ലാക്കണ്ണനും റോബസ്റ്റയും കൃഷി ചെയ്യുന്നു. നാലിനത്തിനും മികച്ച വില കിട്ടുമെന്നു ബിനോയ് ചൂണ്ടിക്കാട്ടി. വാഴക്കുല മാത്രമല്ല, വാഴക്കൂമ്പും വാഴയിലയുമൊക്കെ വരുമാനമാക്കി മാറ്റുന്നു. മൂവാറ്റുപുഴയിലെ ഒരു ഹോട്ടലിൽ രണ്ടു രൂപ നിരക്കിലാണ് വാഴയില നൽകുന്നത്. വാഴക്കൂമ്പിന് 20 രൂപ വരെ കിട്ടാറുണ്ട്. ഫലവൃക്ഷങ്ങൾക്കു വർധിച്ചുവരുന്ന പ്രാധാന്യം മനസ്സിലാക്കി കൃഷിയിടത്തിന്റെ ഒരു ഭാഗം റംബുട്ടാൻ, മംഗോസ്റ്റിൻ തുടങ്ങിയവയ്ക്കായി നീക്കിവച്ചിരിക്കും ജാതി, കുള്ളൻ കമുക് എന്നിവയും
ആദായം നൽകിത്തുടങ്ങിയതോടെ വരുമാനവഴികൾ ഏറിവരുന്നു. മരച്ചീനിയും ഈ വർഷം നല്ല ആദായം നൽകി.വീട്ടാവശ്യത്തിനുള്ള പാലിനു പുറമെ, അനുദിനച്ചെലവുകൾക്കാവശ്യമായ വരുമാനം പശുവളർത്തലിലൂടെ കിട്ടുന്നുണ്ട്. പശുവളർത്തലിന്റെ ഭാഗമായുള്ള തീറ്റപ്പുൽകൃഷി ഇപ്പോൾ അധിക വരുമാനത്തിനുള്ള മാർഗം കൂടിയാണ്. കിലോയ്ക്ക് 4 രൂപ നിരക്കിൽ ഗുരുവായൂർ ആനക്കൊട്ടിലിലേക്കുവരെ ഇവിടെനിന്ന് പുല്ല് കയറിപ്പോകുന്നു. റബറിനെ പൂർണമായി ഉപേക്ഷിച്ചിട്ടില്ല. വെട്ടിനീക്കിയ തോട്ടത്തിൽ ആവർത്തനക്കൃഷിക്കൊപ്പം പൈനാപ്പിളും വളർത്തി പരമാവധി ആദായം നേടാനാണ്.
ഗൗരവബുദ്ധിയോടെ കാര്യങ്ങൾ പഠിച്ച് സ്ഥിരോത്സാഹത്തോട അധ്വാനിക്കുന്നവർക്ക് കൃഷി മികച്ച വരുമാനസാധ്യതയാണെന്ന കാര്യത്തിൽ ബിനോയിക്ക് തെല്ലുമില്ല സംശയം. പഠനത്തിനുശേഷം കൃഷിയി ൽ സജീവമായപ്പോൾ തന്നെ പരിഹസിച്ച പല സുഹൃത്തുക്കളെക്കാൾ വരുമാനം തനിക്കുണ്ടെന്ന് ബിനോയി അഭിമാനത്തോടെ പറഞ്ഞു. ലോക്ഡൗൺ കാലത്ത് അവരിൽ പലരും വരുമാനമില്ലാതെ വിഷമിച്ചപ്പോഴും ബിനോയിക്കു നേട്ടമായിരുന്നു. ഏതു കൃഷിയും സംരംഭക മനോഭാവത്തോടെ ചെയ്താൽ വിജയം ഉറപ്പാണെന്നു ബിനോയി പറയുന്നു. എസിഎബിസിപോലുള്ള പരിശീലനങ്ങൾ യുവകർഷകരിൽ ശരിയായ ദിശാബോധം നൽകുമെന്ന് സ്വന്തം അനുഭവത്തിൽനിന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.