‘ഇത് ചായ സമയം; 50 നോട്ടൗട്ട്’ പിറന്നാൾ ദിനത്തിലെ സച്ചിന്‍റെ ചിത്രങ്ങൾ വൈറൽ

ക്രിക്കറ്റ് ഒരു മതം ആണെങ്കിൽ സച്ചിൻ ടെൻഡുൽക്കർ ദൈവമാണ്- ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിച്ച ഒരു തലമുറയ്ക്ക് സച്ചിൻ ടെൻഡുൽക്കർ ദൈവമായിരുന്നു. ആ ബാറ്റ് കൊണ്ട് എഴുതിയ കവിതകൾ അത്ര മനോഹരമായിരുന്നു, ചിലപ്പോഴൊക്കെ തീക്ഷ്ണവും. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബോളർമാരായി കണക്കാക്കുന്ന ഷെയ്ൻ വോൺ, ഗ്ലെൻ മക്ര്ഗാത്ത്, മുത്തയ്യ മുരളധീധരൻ, വാസിം അക്രം, കോർട്നി വാൽഷ്, കർട്ലി ആംബ്രോസ്, അലൻ ഡൊണാൾഡ് തുടങ്ങിയ വമ്പൻമാരെ അനായാസം നേരിട്ടാണ് സച്ചിൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരമായി മാറിയത്.

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാളാണ്. സച്ചിൻ ഇഷ്ടപ്പെടുന്നവർക്ക് ആർക്കും അദ്ദേഹത്തിന് 50 വയസ് ആയത് ഉൾക്കൊള്ളാനാകില്ല. രൂപത്തിലും ഭാവത്തിലും സച്ചിൻ ഇന്നും ചെറുപ്പമാണ്. ഈ ഘട്ടത്തിൽ സച്ചിൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ അടികുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്. ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് Tea time: 50 Not Out!(‘ഇത് ചായ സമയം; 50 നോട്ടൗട്ട്) എന്ന ക്യാപ്ഷനാണ് സച്ചിൻ നൽകിയത്. ടെസ്റ്റ് മത്സരത്തിൽ ചായ സമയത്തെ ഇന്നിംഗ്സ് ബ്രേക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ക്യാപ്ഷൻ.

ഏതായാലും സച്ചിന്‍റെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. പോസ്റ്റ് പങ്കുവെച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ ലക്ഷത്തിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. സച്ചിന് പിറന്നാൾ ആശംസയുമായി മലയാളികൾ ഉൾപ്പടെ ആയിരകണക്കിന് ആരാധകരാണ് ഈ പോസ്റ്റിൽ കമന്‍റ് ചെയ്യുന്നത്. ആയിരകണക്കിന് പേർ പോസ്റ്റ് ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖരും സച്ചിന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.

അതേസമയം തനിക്ക് 50 വയസ് തികഞ്ഞതായി തോന്നുന്നില്ലെന്ന് സച്ചിൻ പറഞ്ഞു. “25 വർഷത്തെ അനുഭവസമ്പത്തുള്ള ഒരു 25കാരൻ എന്ന് പറയുന്നതാകും നല്ലത്. ഈ യാത്ര വളരെ സുന്ദരമായിരുന്നു. എനിക്ക് പരാതികളോ ദുഖങ്ങളോ ഇല്ല. എനിക്ക് രാജ്യത്തിനായി 24 വർഷം കളിക്കാൻ സാധിച്ചത് വലിയ ആദരവാണ്. ജീവിതത്തിൽ എനിക്ക് വേണ്ടിയിരുന്ന കാര്യവും അതായിരുന്നു”- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

”പത്താമത്തെ വയസ് മുതൽ സ്വപ്നങ്ങളെ പിന്തുടരാൻ തുടങ്ങി. 24 വർഷത്തിലേറെ അത് തുടരാൻ കഴിഞ്ഞു. അമ്പതാം പിറന്നാൾ ആണെങ്കിലും വലിയ ആഘോഷങ്ങളൊന്നുമില്ല. അതിൽ എനിക്ക് താൽപര്യമില്ല. അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചുള്ള ചെറിയ ആഘോഷമാണ് ഇത്തവണ നടത്തുന്നത്”- സച്ചിൻ വ്യക്തമാക്കി.

Verified by MonsterInsights