കൊല്‍ക്കത്ത: ജന്മനാ തനിക്ക് ലഭിച്ച സ്ത്രീ ശബ്ദത്തെ അനുഗ്രഹമായി കാണുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. സുബോജിത്ത് ഡേ എന്നാണ് യുവാവിന്റെ പേര്. പശ്ചിമ ബംഗാളിലെ മേദിനിപൂരിലെ പാന്‍തുപിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.
സ്ത്രീ ശബ്ദത്തില്‍ നന്നായി പാടാന്‍ സുബോജിത്തിന് കഴിയും. നര്‍ത്തകന്‍ എന്ന നിലയിലാണ് സുബോജിത്ത് അറിയപ്പെടുന്നത്. എന്നാല്‍ സംഗീതത്തോട് അതീവ താല്‍പ്പര്യമുള്ളയാണ് സുബോജിത്ത്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ ഇദ്ദേഹം സംഗീതം പഠിക്കാൻ തുടങ്ങിയിരുന്നു. തന്റെ മുതിര്‍ന്ന സഹോദരി സംഗീതം പഠിക്കുന്നത് കേട്ടാണ് സുബോജിത്ത് സംഗീതം പഠിച്ചത്.
വളരെ ദരിദ്രമായ കുടുംബത്തിലാണ് സുബോജിത്ത് ജനിച്ചത്. നിലവില്‍ നൃത്ത അധ്യാപകനായി ജോലി ചെയ്യുകയാണ് സുബോജിത്ത്. കര്‍ഷകനായ അസീം ഡേയാണ് സുബോജിത്തിന്റെ അച്ഛന്‍. സ്വകാര്യ സ്‌കൂളുകളിലും മറ്റും നൃത്തം പഠിപ്പിച്ച് കിട്ടുന്ന വരുമാനമാണ് സുബോജിത്തിന്റെയും കുടുംബത്തിന്റെയും ആശ്രയം. കൂടാതെ വീട്ടിലും സുബോജിത്ത് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ സംഗീതത്തോടുള്ള തന്റെ താല്‍പ്പര്യവും സുബോജിത്ത് ഉപേക്ഷിച്ചിട്ടില്ല. തന്റെ സഹോദരിയുടെ സംഗീത ക്ലാസ്സിലും ഇദ്ദേഹം പഠിക്കാനായി പോകുമായിരുന്നു. ജനിച്ചത് മുതല്‍ സ്ത്രീകളുടേതിന് സമാനമായ ശബ്ദമാണ് സുബോജിത്തിനുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീശബ്ദത്തിലാണ് ഇദ്ദേഹം പാടുന്നത്. ശാസ്ത്രീയമായി സംഗീതം പഠിക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.
സ്വന്തമായാണ് സുബോജിത്ത് സംഗീത പാഠങ്ങള്‍ പഠിച്ചെടുത്തത്. അതേസമയം സ്ത്രീ ശബ്ദത്തില്‍ പാടുന്ന സുബോജിത്തിന് നിരവധി കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവഹേളനങ്ങള്‍ ഒന്നും വകവെയ്ക്കാതെ പോസിറ്റീവ് ആയി മുന്നോട്ട് പോകാനാണ് തനിക്ക് ഇഷ്ടമെന്ന് സുബോജിത്ത് പറയുന്നു.
” ജനിച്ചപ്പോള്‍ മുതല്‍ എന്റെ ശബ്ദം സ്ത്രീകളുടേത് പോലെയാണ്. ചെറുപ്പം മുതല്‍ എല്ലാത്തരം പരീക്ഷണങ്ങളും ഞാന്‍ ശബ്ദത്തില്‍ ചെയ്തിട്ടുണ്ട്. എന്റെ സഹോദരി പാടുന്നത് കേട്ടാണ് ഞാന്‍ സംഗീതം പഠിച്ചത്. ഇപ്പോള്‍ ഞാന്‍ ഒരു നൃത്ത അധ്യാപകനാണ്. എന്നാല്‍ പുതിയ പാട്ടുകള്‍ കേള്‍ക്കാനും അത് പാടാനും ശ്രമിക്കാറുണ്ട്,” സുബോജിത്ത് പറയുന്നു.
സുബോജിത്തിന് എല്ലാ പിന്തുണയും നല്‍കി അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ട്. സുബോജിത്തിന്റെ എല്ലാ വിജയവും തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. തന്റെ മകന്‍ വലിയ ഉയരങ്ങളില്‍ എത്തുമെന്നും ഈ പിതാവ് വിശ്വസിക്കുന്നു.
അതേസമയം നിരവധി സാംസ്‌കാരിക പരിപാടികളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാന്‍ സുബോജിത്ത് പങ്കെടുക്കാറുണ്ട്. എന്നാല്‍ സുബോജിത്തിനെ അംഗീകരിക്കാന്‍ ഗ്രാമത്തിലെ ചിലര്‍ ഇപ്പോഴും തയ്യാറല്ല. പലരും സുബോജിത്തിനെ കളിയാക്കാറുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ പാട്ടിനും നൃത്തത്തിനുമായി തന്റെ ജീവിതം മാറ്റി വെച്ചിരിക്കുകയാണ് സുബോജിത്ത് എന്ന ചെറുപ്പക്കാരന്‍.