ഐപിഎൽ സംപ്രേക്ഷണത്തിൽ ജിയോ സിനിമക്ക് വീണ്ടും റെക്കോർഡ്. അഞ്ച് ആഴ്ച കൊണ്ട് 1300 കോടി കാഴ്ചക്കാരാണ് ജിയോ സിനിമയിലൂടെ ഈ കായിക മാമാങ്കം കണ്ടത്. ഓരോ മത്സരത്തിനും ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റിലെത്തുകയും ചെയ്തു. ജിയോ കണക്റ്റഡ് ടിവിയിലെ ഐപിഎൽ കാഴ്ചക്കാരുടെ എണ്ണം എച്ച്‌ഡി ടിവിയിലെ കാഴ്ചക്കാരുടെ എണ്ണത്തേക്കാൾ ഇരട്ടിയായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“ജിയോ സിനിമയുടെ വളർച്ച ഓരോ ആഴ്‌ചയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്താവിന്റെ മുൻഗണനകളെ പൂർണമായും മനസിലാക്കിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്”, വയാകോം 18 സ്പോർട്‌സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു. ഇത് വരാനിരിക്കുന്ന വലിയ കാര്യങ്ങളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളെ വിശ്വസിച്ച് കൂടെ നിന്നതിന് എല്ലാ സ്പോൺസർമാരോടും പരസ്യദാതാക്കളോടും പങ്കാളികളോടും നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോ സിനിമയിൽ ഇത്തവണ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഭോജ്‌പുരി, പഞ്ചാബി, ഒറിയ, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 12 ഭാഷകളിൽ ഐപിഎൽ കാണാൻ കഴിയും. ദി ഇൻസൈഡേഴ്‌സ് ഫീഡ്, ഹാംഗ്ഔട്ട് ഫീഡ്, ഫാന്റസി ഫീഡ്, ഫാൻസോൺ ഫീഡ് എന്നിവയുൾപ്പെടെ നാല് അധിക ഫീച്ചറുകളും ഡിജിറ്റൽ പ്രേക്ഷകർക്കായി ജിയോ സിനിമ അവതരിപ്പിച്ചിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത വോയ്‌സ് ആക്ടിവേറ്റഡ് എആർ ലെൻസ് എന്ന വ്യത്യസ്ത അനുഭവവും പ്രേക്ഷകർക്ക് അറിയാനായി.
ലോകകപ്പ് കാഴ്ചക്കാരിൽ എത്തിക്കുന്നതിൽ ഇതുവരെയില്ലാത്ത നവീന അനുഭവമാണ് ജിയോ സിനിമ ഒരുക്കിയത്. 4K, ഹൈപ്പ് മോഡ്, 12-ഭാഷാ കവറേജ്, മൾട്ടിക്യാം സജ്ജീകരണം എന്നിങ്ങനെയുള്ള സവിശേഷ ഫീച്ചറുകളും ജിയോ സിനിമയിലുണ്ട്. ഹൈലൈറ്റുകൾ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് കണ്ടന്റും ജിയോ സിനിമ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ഫാഫ് ഡു പ്ലെസിസ്, റാഷിദ് ഖാൻ, ഡേവിഡ് മില്ലർ എന്നിവരുൾപ്പെടെയുള്ള മികച്ച കളിക്കാരുടെ അഭിമുഖങ്ങളും പ്രേക്ഷകർ ജിയോ സിനിമയിലൂടെ കണ്ടു.
അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ജിയോസിനിമ രണ്ട് തവണ ടാറ്റ ഐപിഎല്ലിന്റെ മുൻവർഷത്തെ റെക്കോർഡുകൾ തകർത്തിരുന്നു. ഏപ്രിൽ 12 ന് 2.23 കോടി കാഴ്ചക്കാർ എന്ന നേട്ടത്തിലേക്ക് ഈ പ്ലാറ്റ്ഫോമെത്തി. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഓപ്പണിംഗ് പോരാട്ടത്തിലായിരുന്നു ഈ റെക്കോർഡ് നേട്ടം.
സ്പോൺസർമാരുടെ എണ്ണത്തിലും ജിയോ സിനിമ റെക്കോർഡുകൾ ഭേദിച്ചിരുന്നു. 26 സ്പോൺസർമാരാണ് ഇത്തവണ ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്തത്. ഇത് ഇന്ത്യയിലെ ഇതുവരെയുള്ള ഡിജിറ്റൽ സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നമ്പറാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐഒഎസിലും ആൻഡ്രോയിഡിലും ജിയോ സിനിമ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, വാർത്തകൾ, സ്‌കോറുകൾ, വീഡിയോകൾ എന്നിവ അറിയാൻ ആരാധകർക്ക് ജിയോ സിനിമയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യൂട്യൂബ് പേജുകളും സന്ദർശിക്കാവുന്നതാണ്.