കലാസ്വാദകർക്കായി പുതിയ ഇടം

കലാസ്വാദകർക്കായി അത്യാധുനിക സാംസ്ക്കാരിക നിലയമെന്ന ആശയവുമായി നിതാ അംബാനി കൾച്ചറൽ സെന്‍റർ ഇന്ന് മുംബൈയിൽ ആരംഭിക്കും. സംഗീതം, നാടകം, ഫൈൻ ആർട്‌സ്, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസരം ഇവിടെ ഉണ്ടാകും.

നിതാ അംബാനി കൾച്ചറൽ സെന്‍റർ തുറക്കുന്നത് പ്രമാണിച്ച് മൂന്ന് ബ്ലോക്ക്ബസ്റ്റർ ഷോകൾക്കൊപ്പം ‘സ്വദേശ്’ എന്ന പേരിൽ പ്രത്യേകമായി തയ്യാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്‌സ്‌പോസിഷൻ അവതരിപ്പിക്കും – ‘ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’ എന്ന മ്യൂസിക്കൽ തിയേറ്റർ; ‘ഇന്ത്യ ഇൻ ഫാഷൻ’ എന്ന പേരിൽ ഒരു കോസ്റ്റ്യൂം ആർട്ട് എക്സിബിഷനും ‘സംഗം/കോൺഫ്ലുക്സ്’ എന്ന പേരിൽ ഒരു വിഷ്വൽ ആർട്ട് ഷോയും ഉണ്ടാകും.

ഇവയെല്ലാം ചേർന്ന് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യങ്ങളുടെ വൈവിധ്യവും ലോകത്തിൽ അവ ചെലുത്തുന്ന സ്വാധീനം അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ തുറക്കുന്നത്.

“ഈ സാംസ്കാരിക കേന്ദ്രത്തിന് ജീവൻ നൽകിയത് ഒരു വിശുദ്ധ യാത്രയാണ്.സിനിമ, സംഗീതം, നൃത്തം, നാടകം, സാഹിത്യം, നാടോടിക്കഥകൾ, കലകൾ, കരകൗശലങ്ങൾ, ശാസ്ത്രം, ആത്മീയത എന്നിവയിൽ നമ്മുടെ കലാ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കുയെന്ന ആഗ്രഹമാണ് സഫലമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ”– ഉദ്ഘാടനത്തിന് മുന്നോടിയായി നിതാ അംബാനി പറഞ്ഞു. പുതിയ കൾച്ചറൽ സെന്‍റർ തുറക്കുന്നത് പ്രമാണിച്ച് കഴിഞ്ഞ ദിവസം രാമനവമിയോട് അനുബന്ധിച്ച് നിത അംബാനി പ്രത്യേക പൂജയും വഴിപാടുകളും നടത്തി.

കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ സാംസ്ക്കാരിക കേന്ദ്രത്തിൽ പ്രവേശനം സൗജന്യമായിരിക്കും. സ്‌കൂൾ, കോളേജ് വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള പരിപാടികളും മത്സരങ്ങളും പ്രദർശനങ്ങളും, കലാ അധ്യാപകർക്കുള്ള അവാർഡുകൾ എന്നിവയ്ക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ നേതൃത്വം നൽകും.

Verified by MonsterInsights