കഞ്ഞിവെച്ച് ആകർഷിക്കും; അരിക്കൊമ്പനെ പിടികൂടാൻ ഡമ്മി റേഷൻകട; ആദ്യ കുങ്കി ആന ചിന്നക്കനാലിൽ

തൊടുപുഴ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി കോടനാട്ടുള്ള ആന സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തിൽ. ചിന്നക്കനാലിൽ റേഷൻകടയ്ക്ക് സമാനമായ സാഹചര്യം ഒരുക്കി പിടികൂടാനാണ് പദ്ധതി.

സിമന്റുപാലത്തിന് സമീപം മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിലാണ് താത്കാലിക റേഷൻകട ഒരുക്കുകയും കഞ്ഞിയും വെയ്ക്കും. ഇവിടെ അരിയുൾപ്പെടെ സാധനങ്ങളും സൂക്ഷിക്കും. ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേക്ക്‌ ആകർഷിക്കാനാണ് പദ്ധതി.

ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപം അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. ആദ്യ കുങ്കി ആനയെ ചിന്നക്കനാലിൽ എത്തിച്ചു. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള കൊമ്പൻ ഇതുവരെ 12-ൽ അധികംപേരെ കൊന്നിട്ടുണ്ട്. റേഷൻകട തകർത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് ‘അരിക്കൊമ്പൻ’ എന്ന് വിളിപ്പേരുവന്നത്.

വിക്രം, കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കി ആനകളും 26 അംഗ ദൗത്യസംഘവും ഇടുക്കിയിലെത്തും. സംസഥാനത്തെ മറ്റ് മേഖലകളിൽ നടത്തിയതിന് വ്യത്യസ്തമായാണ്, അരികൊമ്പനെ പിടികൂടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കുക.