കന്നിയോട്ടത്തിൽ 160 കിലോമീറ്ററിലേറെ വേഗതയിൽ പാഞ്ഞ് ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസ്

ന്യൂഡൽഹി: ഭോപ്പാൽ-ഡൽഹി റൂട്ടിൽ പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിനുകളിലൊന്നായി മാറി. ഉദ്ഘാടന യാത്രയിൽ തന്നെ ഈ ട്രെയിൻ 160 കിലോമീറ്റർ വേഗത മറികടന്നു. ഏപ്രിൽ 1-ന് ഉദ്ഘാടന ഓട്ടത്തിൽ, ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ് മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ എത്തി. ഈ ട്രെയിനിന് നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗത 160 കിലോമീറ്ററായിരുന്നു. ഈ പരിധി മറികടന്നാണ ട്രെയിൻ 161 കിലോമീറ്റർ സ്പീഡിൽ പാഞ്ഞത്.

സെമി-ഹൈ സ്പീഡ് ട്രെയിൻ ആഗ്രയിലെ രാജ കി മാണ്ഡിക്കും മഥുരയ്ക്കും ഇടയിൽ 161 കിലോമീറ്റർ വേഗതയിൽ എത്തിയതായി ഇന്ത്യൻ റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. പുതിയ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയതോടെ ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള യാത്രാസമയം ഒരു മണിക്കൂർ കുറഞ്ഞു. പതിനൊന്നാമത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.

റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് ആഗ്ര കന്റോൺമെന്റ്-തുഗ്ലക്കാബാദ് സെക്ഷനിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. പരമാവധി ട്രെയിനുകൾക്ക് ഓടാനാകുന്ന വിധത്തിൽ  ഈ റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. വന്ദേ ഭാരദ് എക്സ്പ്രസ് ഓടിക്കുന്നതിന് മുന്നോടിയായിരുന്നു ഇത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.