കണ്ണുർ: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബം ഒരു വയസുള്ള കുട്ടിയെ മറന്നുവച്ചു. തളിപ്പറമ്പിലെ ഏഴാം മൈലിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറി.
ചപ്പാരക്കടവ് ഭാഗത്ത് നിന്നും രണ്ട് വാഹനങ്ങളിലാണ് കുടുംബം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. ഒരു വയസ്സുള്ള ആൺകുട്ടി കുടുംബത്തിലെ മുതിർന്ന വ്യക്തിയുടെ പക്കൽ ആയിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായി കുട്ടിയെ ഇയാൾ താഴെ നിർത്തി. എന്നാൽ പിന്നീട് കുട്ടിയെ എടുക്കാതെ ഇവർ തിരികെ വാഹനങ്ങളിൽ കയറി പോകുകയായിരുന്നു.
ഇവര്‍ പോയതിനു ശേഷം ഹോട്ടല്‍ കൗണ്ടറിന് സമീപത്ത് കുട്ടിയെ കണ്ടെത്തിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കൂടയുള്ള കുടുംബത്തെ തിരിച്ചറിഞ്ഞത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസുകാര്‍ എത്തി കുട്ടിയെ തളിപ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ചു.
എന്നാൽ കിലോമീറ്ററുകൾക്ക് ശേഷമാണ് കുട്ടിയെ കാണാതായതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉടനെ ഇവർ തളിപ്പറമ്പിലെ ബന്ധുക്കളോട് വിവരം പറഞ്ഞു. ഇതോടെ ബന്ധുക്കൾ ഹോട്ടലിൽ എത്തി കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ അറിയിച്ചത് പ്രകാരം ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ കുട്ടിയെ കൈമാറാൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. അച്ഛനും അമ്മയും നേരിട്ടെത്തിയ ശേഷമാണ് കുട്ടിയെ വിട്ട് നൽകിയത്. അശ്രദ്ധമായി കുട്ടിയെ ഹോട്ടലിൽ ഉപേക്ഷിച്ചതിന് പോലീസ് വീട്ടുകാരെ ശകാരിക്കുകയും ചെയ്തു.