മിഷന്‍ അരിക്കൊമ്പനുമായി വനംവകുപ്പ് മുന്നോട്ട്; കാലാവസ്ഥ അനുകൂലമായാല്‍ അരിക്കൊമ്പനെ വെള്ളിയാഴ്ച്ച മയക്കുവെടി വെക്കും

ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും ജനവാസമേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള  ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വെള്ളിയാഴ്ച്ച തന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ദൗത്യസംഘത്തിന് വനംവകുപ്പ് നിർദേശം നൽകി. വെള്ളിയാഴ്ച്ച ദൗത്യം ബുദ്ധിമുട്ടായാൽ ശനിയാഴ്ച മയക്കുവെടി വെക്കും.

ആനയെ പിടികൂടിയ ശേഷം കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. പെരിയാർ വന്യജീവി സങ്കേതവും അഗസ്ത്യാർകൂട വനമേഖലയും പരിഗണനയിലുണ്ട്. വനംമന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ അറിയിച്ചു. തീരുമാനവുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് നീക്കം വേഗത്തിലാക്കിയത്.

അരികൊമ്പനെ പിടികൂടുന്നത്തിന് മുന്നോടിയായുള്ള  മോക്ഡ്രിൽ  നാളെ ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘവും മൂന്നാറിലെത്തി.പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നാളെ നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നൽകും. ദൗത്യ മേഖലയായ സിമന്റ് പാലത്തിനും, 301 കോളനിക്കും സമീപത്തായി അരികൊമ്പൻ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നുണ്ട്. ഡോക്ടർ അരുൺ സക്കറിയയും നാളെ ചിന്നക്കനാലിൽ ഉണ്ടാവും. എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമല്ലാത്തത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Verified by MonsterInsights