കന്യാകുമാരി ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലത്തിന്‍റെ (ബോ സ്ട്രിങ് ആർച്ച് ബ്രിഡ്ജ്) ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും.
തുടർന്ന് തിരുക്കുറുകൾ പ്രചാരകരായ 25 പേരെ ചടങ്ങിൽ ആദരിക്കും. രാത്രി ഏഴിന് സുഖിശിവം നയിക്കുന്ന ചർച്ചാവേദി (പട്ടിമൻ്റം) നടക്കും. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10 മീറ്ററുമാണ്. ഇതിൽ രണ്ടര മീറ്റർ വീതിയിൽ കണ്ണാടിപ്പാത ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കടലിന് മുകളിലെ കണ്ണാടിപ്പാലത്തിലൂടെ ഇരുവശത്തേക്കും കടക്കാം.
ചെന്നൈ ഐ.ഐ.ടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. കടലിലെ കാലാവസ്ഥാ വ്യതിയാനം കാരണം വിവേകാനന്ദപ്പാറയിലെ ബോട്ട് ജെട്ടിയിൽ നിന്നും തിരുവള്ളുവർ പ്രതിമയ്ക്ക് അരികിലേയ്ക്കുള്ള ബോട്ട് സർവിസ് പലപ്പോഴായി തടസ്സപ്പെടുന്നതുകൊണ്ട് സഞ്ചാരികൾക്ക് തിരുവള്ളുവർ പ്രതിമ സന്ദർശിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് കണ്ണാടിപ്പാലം പണിതത്.