ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിത, ഏഷ്യൻ ട്രാക്കിലെ ഇതിഹാസമെന്ന് അറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു. കഴിഞ്ഞ നാല് വർഷമായി സ്തനാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഫിലിപ്പൈൻസിലെ പ്രശസ്ത കായികതാരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ലിഡിയ 57-ാം വയസ്സിലാണ് അന്തരിച്ചത്. “അവർ വലിയ പോരാട്ടം തന്നെ നടത്തി, ഇനി സമാധാനമായി ഇരിക്കട്ടെ” ലിഡിയയുടെ മരണത്തിന് ശേഷം മകൾ സ്റ്റെഫാനി ഡി കൊയിനിഗ്‌സ്‌വാർട്ടർ ട്വീറ്റ് ചെയ്തു. “അവസാനത്തെ മത്സരവും പൂർത്തിയാക്കി അവർ പോയിരിക്കുകയാണ്. ആ പോരാളിക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാം,” ഫിലിപ്പൈൻസ് പ്രസിഡൻറ് ഫെർഡിനൻറ് മാർകോസ് ജൂനിയർ പറഞ്ഞു.
തൻെറ കരിയറിൽ 15 സ്വർണ്ണ മെഡലുകൾ ലിഡിയ നേടിയിട്ടുണ്ട്. ഇതിൽ 9 എണ്ണവും നേടിയത് സൌത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലാണ്. 18-ാം വയസ്സിൽ തന്നെ അവർ ഫിലിപ്പൈൻസിൽ ട്രാക്കിലെ സൂപ്പർതാരമായി മാറിയിരുന്നു. 1981ലെ മനില സൌത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും അവർ സ്വർണം നേടിയിരുന്നു. സിനിമാതാരത്തിൻെറ സൗന്ദര്യവും കായികരംഗത്തെ തകർപ്പൻ പ്രകടനവും കാരണം ലിഡിയക്ക് ഏറെ ആരാധകരുണ്ടായിരുന്നു.
ഏഷ്യയിലെ ട്രാക്ക് മത്സരങ്ങളിൽ ഇന്ത്യയുടെ അഭിമാനമായ മലയാളി അത്ലറ്റ് പിടി ഉഷയായിരുന്നു ലിഡിയയുടെ ഏറ്റവും വലിയ എതിരാളി. 1982ലെ ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി ഇരുവരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നത്. ന്യൂഡൽഹിയിലായിരുന്നു അത്തവണ ഏഷ്യൻ ഗെയിംസ് നടന്നത്. മത്സരത്തിൻെറ പാതിവഴിയിൽ വെച്ച് മുന്നേറ്റം നടത്തിയ ലിഡിയ തന്നെയായിരുന്നു ആ മത്സരത്തിലെ വിജയി.
എന്നാൽ 1985ൽ ഉഷ തിരിച്ചടിച്ചു. ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 5 സ്വർണ മെഡലുകളാണ് പിടി ഉഷ നേടിയത്. 1986ലെ സിയോൾ ഏഷ്യൻ ഗെയിംസിലും പയ്യോളി എക്സ്പ്രസ് ആധിപത്യം തുടർന്നു. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ഉഷ മുന്നേറ്റം നടത്തിയപ്പോൾ തൻെറ പ്രിയപ്പെട്ട 100 മീറ്ററിൽ ലിഡിയ തന്നെ വിജയം നേടി..