കഴിഞ്ഞവര്‍ഷം കാനഡയിലെത്തിയത് അഞ്ചര ലക്ഷത്തിലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍; കൂടുതലും ഇന്ത്യയില്‍ നിന്ന്

ഉന്നത വിദ്യാഭ്യാസത്തിനായി 2022-ല്‍ കാനഡയിലെത്തിയത് 550,000 -ലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍. 2022 ല്‍ 184 രാജ്യങ്ങളില്‍ നിന്നായി 551,405 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയിലെത്തിയെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്തുവിട്ട ഡാറ്റ പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയത് ഇന്ത്യയില്‍ നിന്നാണ്.

ഇന്ത്യയില്‍ നിന്ന് സ്റ്റുഡന്റ് 226,450 വിസകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 52,165 സ്റ്റുഡന്റ് വിസയുമായി ചൈന രണ്ടാം സ്ഥാനത്തും ഫിലിപ്പീന്‍സ് (23,380 വിസ) മൂന്നാം സ്ഥാനത്തുമാണ്. 2021ല്‍, 444,260 സ്റ്റുഡന്റ് പെര്‍മിറ്റിനാണ് കാനഡ അനുമതി നല്‍കിയത്, അതേസമയം, 2019 -ല്‍ ഇത് 400,600 ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം,2021നെ അപേക്ഷിച്ച് 2022-ല്‍ 107,145 -ലധികം പേരാണ് കാനഡയിലേക്ക് പോയത്.

2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച്, 807,750 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ പക്കല്‍ സാധുവായ പെര്‍മിറ്റ് ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 319,130 വിദ്യാര്‍ത്ഥികളുമായി ഇന്ത്യക്കാരാണ് ഈ പട്ടികയിലും ഒന്നാമത്. ചൈന (100,075 വിദ്യാര്‍ത്ഥികള്‍), ഫിലിപ്പീന്‍സ് (32,455 വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുള്ള പ്രവിശ്യകള്‍

  • ഒന്റാറിയോ (411,000 വിദ്യാര്‍ത്ഥികള്‍)
  • ബ്രിട്ടീഷ് കൊളംബിയ (164,000 വിദ്യാര്‍ത്ഥികള്‍)
  • ക്യൂബെക്ക് (93,000 വിദ്യാര്‍ത്ഥികള്‍)
  • ആല്‍ബെര്‍ട്ട (43,000 വിദ്യാര്‍ത്ഥികള്‍)
  • മാനിറ്റോബ (22,000 വിദ്യാര്‍ത്ഥികള്‍)

ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുടെ ജനപ്രിയ രാജ്യമാണ് കാനഡ. 2022-ലെ ഒരു പഠനത്തില്‍, 94 രാജ്യങ്ങളില്‍ നിന്നുള്ള 11,271 ആളുകളില്‍ ഐഡിപി നടത്തിയ സര്‍വേയില്‍ 27% പേര്‍ പറഞ്ഞത് കാനഡയായിരുന്നു അവരുടെ ആദ്യ ചോയ്‌സെന്നാണ്. രാജ്യത്തെ സുഗമമായ ഇമിഗ്രേഷന്‍ പ്രോസസ്, വിദ്യാര്‍ത്ഥി സൗഹൃദ നയങ്ങള്‍, ഉയര്‍ന്ന തൊഴിലവസര നിരക്ക്, മള്‍ട്ടി കള്‍ച്ചറല്‍ അന്തരീക്ഷം എന്നിവ ഗുണമേന്മയുള്ള വിദ്യാഭ്യാസം തേടുന്നതിനും ശക്തമായ ഒരു കരിയര്‍ പാത സ്ഥാപിക്കുന്നതിനും കാനഡ തിരഞ്ഞെടുക്കുന്നതില്‍ പങ്കുവഹിക്കുന്ന ചില കാരണങ്ങള്‍ മാത്രമാണ്.

കാനഡയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ബന്ധുക്കള്‍ക്കും ഇനി രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാം. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള വിദേശികളുടെ ബന്ധുക്കള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത നല്‍കുമെന്ന് കാനഡ പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതല്‍ അനുമതി നിലവില്‍ വരും. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ളള്ള വിദേശ പൗരന്മാര്‍ക്ക് കാനഡയില്‍ ഏത് തൊഴിലുടമയുടെ കീഴിലും ഏത് ജോലിയും ചെയ്യാനുള്ള അനുമതിയുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് കാനഡയിലെ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി സീന്‍ ഫ്രേസര്‍ അറിയിച്ചു.

ഇതനുസരിച്ച് ഓപ്പണ്‍ വിസയുള്ളവരുടെ പങ്കാളികള്‍, മക്കള്‍ എന്നിവര്‍ക്കും ജോലി ലഭിക്കും. നേരത്തേ, അപേക്ഷകര്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാത്രമേ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. സുപ്രധാന മാറ്റത്തിലൂടെ, രണ്ട് ലക്ഷത്തിലേറെ പേരുടെ കുടുംബാംഗങ്ങള്‍ക്കാണ് കാനഡയില്‍ തൊഴിലവസരം ലഭിക്കുക. രണ്ട് വര്‍ഷത്തേക്കാണ് താത്കാലികമായി അനുമതി ലഭിക്കുക.