കേരളത്തിൽ 84,000 അതിദരിദ്ര കുടുംബങ്ങൾ

അഞ്ചുവർഷംകൊണ്ട് കേരളത്തിൽ ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണംചെയ്യാൻ ലക്ഷ്യമിട്ടാണ് അതിദാരിദ്ര്യ സർവേ നടത്തിയത്. രാജ്യത്താദ്യമായാണ് ജനപങ്കാളിത്തത്തോടെ ഇത്തരമൊരു സർവേ. നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി.പി.എൽ.) കുടുംബങ്ങളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. രൂക്ഷമായ ദാരിദ്ര്യമനുഭവിക്കുന്നവരുടെ പട്ടിക തയ്യാറാവുന്നത് ഇപ്പോഴാണ്. സർവേയുടെ അന്തിമ ഫലം 20-ന് തദ്ദേശസ്ഥാപന തലത്തിൽ പ്രസിദ്ധീകരിക്കും.2015-16 അടിസ്ഥാനവർഷമാക്കി അടുത്തിടെ നീതി ആയോഗ് പ്രസിദ്ധീകരിച്ച ദാരിദ്ര്യസൂചികയിൽ കേരളത്തിലായിരുന്നു ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ്- 0.7 ശതമാനം മാത്രം.

ഭക്ഷണത്തിലെ പോഷകാംശം, ശൈശവ-കൗമാര മരണനിരക്ക്, പ്രസവകാല ശുശ്രൂഷ, വിദ്യാഭ്യാസം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, കുടിവെള്ളം, സാനിറ്റേഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങൾ പരിഗണിച്ചാണ് നീതി ആയോഗ് ദാരിദ്ര്യസൂചിക കണക്കാക്കിയത്. രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏക ജില്ലയെന്ന് നീതി ആയോഗ് പ്രഖ്യാപിച്ച കോട്ടയത്ത് അതിദാരിദ്ര്യമുള്ള 1119 കുടുംബങ്ങളുണ്ട്. കേരളത്തിൽ കോട്ടയത്താണ് ഏറ്റവും കുറവ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ-16,055.

സർവേയും ഫോക്കസ് ഗ്രൂപ്പിന്റെ വിലയിരുത്തലും ഗ്രാമസഭകളുടെ പരിശോധനയും കഴിഞ്ഞ് അതിദരിദ്രമെന്ന് തിങ്കളാഴ്ചവരെ സബ്കമ്മിറ്റി അംഗീകരിച്ചത് 84,138 കുടുംബങ്ങളെയാണ്. ചില ജില്ലകളിൽ പരിശോധനകൾ പൂർത്തിയായി അന്തിമഫലം വരുമ്പോൾ ഏറ്റക്കുറച്ചിലുണ്ടാവാം. ഈ കുടുംബങ്ങളിലേറെയും ഒരംഗംവീതമാണുള്ളത്. 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ കുടുംബങ്ങൾ 78.53 ലക്ഷമാണ്. പുതിയ സർവേഫലം അനുസരിച്ച് കേരളത്തിൽ ഒരു ശതമാനത്തിലേറെ കുടുംബങ്ങൾ അതിദാരിദ്ര്യം അനുഭവിക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights