കേരളത്തിൽ എത്തിയതിൽ സന്തോഷമെന്ന് രാഷ്ടപതി; INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ അവാർഡ് സമ്മാനിച്ചു

 കേരളത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രസിഡന്റ്‌സ് കളർ അവാർഡ് സമ്മാനിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഐ എൻ എസ് ദ്രോണാചാര്യയില്‍ എത്തി സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ലഫ്റ്റ്നന്റ് കമാന്റർ ദീപക് സ്കറിയ രാഷ്ട്രപതിയിൽ നിന്ന് പ്രസിഡന്റ്‌സ് കളർ അവാർഡ് ഏറ്റുവാങ്ങി. ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് അവാർഡ് സമ്മാനിച്ചതിൽ സന്തോഷമുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ്, മുഖ്യമന്ത്രി പിണറായി വിജയൻ , നാവിക സേന മേധാവി ആർ ഹരികുമാർ , വൈസ് അഡ്മിറൽ ഹംപി ഹോളി തുടങ്ങിയവർ ദ്രോണാചാര്യയിൽ എത്തിയിരുന്നു. ദ്രോണാചാര്യയിൽ എത്തിയ രാഷ്ട്രപതിക്ക് 150 അംഗങ്ങളുടെ ഗാർഡ് ഓണറും 21 ഗൺ സല്യൂട്ടും നൽകിയാണ് സ്വീകരിച്ചത്.മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. മാർച്ച് 18ന് രാവിലെ കന്യാകുമാരി സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേയ്ക്ക് പോകും.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തിൽ നിന്ന് 

രാഷ്ട്രപതി എന്ന നിലയിലുള്ള എന്റെ ആദ്യ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പ്രമുഖ പരിശീലനക്കപ്പലായ INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ നൽകുന്നതിനായി കൊച്ചിയിലെത്താനായതിൽ എനിക്ക് സന്തോഷമുണ്ട്. യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായി INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമർപ്പിക്കാനായതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു.

ഇന്നത്തെ ശ്രദ്ധേയമായ പങ്കാളിത്തത്തിനും മികച്ച ഏകോപനത്തോടെയുള്ള പ്രദർശനത്തിനും എല്ലാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന ഉന്നത നിലവാരത്തിലുള്ള പരിശീലനത്തിന്റെ പ്രതിഫലനമാണിത്. ഈ പരിശീലന സ്ഥാപനം, രാഷ്ട്രത്തിനായുള്ള സമർപ്പിത സേവനത്തിന്റെ 80 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. അന്താരാഷ്‌ട്ര പ്രശസ്തി നേടിയ പരിശീലന സ്ഥാപനവും പീരങ്കി, മിസൈൽ പോരാട്ടത്തിൽ മികവിന്റെ കേന്ദ്രവുമാണിത്.