കേരളത്തിൽ ഇത്തവണ മഴ കൂടുതൽ ലഭിക്കും; ഇന്ന് ചൂട് കൂടും

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് ആദ്യഘട്ട കാലവർഷ പ്രവചനം. മധ്യ തെക്കൻ കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതലും വടക്കൻ കേരളത്തിൽ സാധാരണയോ അല്ലെങ്കിൽ അതിൽ കുറവ് മഴയോ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ആദ്യ ഘട്ട പ്രവചനം നടത്തിയത്. വരും ദിവസങ്ങളിൽ വേനൽ മഴ കുറഞ്ഞേക്കും. കേരളത്തിൽ താപനില ഉയരുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് പാലക്കാടും വെള്ളാനിക്കരയിലുമാണ് രേഖപെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

അതേസമയം, ഇപ്പോൾ പുറത്തുവിട്ടത് പ്രാഥമിക കാലവർഷ പ്രവചനമാണ്. മെയ് മാസത്തിലേതടക്കം പ്രവചനം കൂടി കണക്കിലെടുത്തേ കാലവര്‍ഷത്തെ പൂര്‍ണമായി വിലയിരുത്താനാകൂവെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്താഴ്ച വേനല്‍മഴ തിരിച്ചെത്തുന്നതോടെ ചൂടിന് കുറവുണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു.

പാലക്കാട്, തൃശൂര്‍ ജില്ലകളുടെ കിഴക്കന്‍ മേഖല, എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, കാസര്‍കോട് ജില്ല, കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ സാധാരണ തോതിലുള്ള മഴയ്ക്കാണ് സാധ്യത. വയനാട്ടില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.

കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതി ഉള്‍പ്പെടെയുള്ള വിശദമായ പ്രവചനം മെയ് അവസാന വാരത്തില്‍ പുറത്തുവിടും.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളായ ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും മഴ സാധാരണയിലും കുറയാനാണ് സാധ്യത.

Verified by MonsterInsights