കേരളത്തിൽ ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസം

രാജ്യത്തെ വിദ്യാഭ്യാസം ശാസ്ത്രീയതകളിൽ നിന്ന് അകലുന്നു എന്ന വിമർശനമുയരുന്ന ഘട്ടത്തിൽ കേരളം ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻ കുട്ടി. പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള കേരളത്തിന്റെ അഭിപ്രായ വ്യത്യാസം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മഹത്തായ വിദ്യാഭ്യാസ പാരമ്പര്യമുള്ള നാടാണ് കേരളം. ആ പാരമ്പര്യം നിലനിർത്തി മുന്നോട്ട് പോകണം. നവോത്ഥാന ചിന്തകൾക്ക് ഊന്നൽ നൽകണം. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. 

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. സർക്കാർ തന്നെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാകുന്ന കാഴ്ച ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. 

മാത്യു കുഴൽ നാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, മുൻ എം എൽ എ എൽദോ എബ്രഹാം, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.ജെ. ജോമി, ഷാന്റി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.