കുട്ടികളിലെ മടിക്കു പിന്നിലെ കാരണം ഇവയാവാം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

 കുട്ടികളുടെ മടി മിക്ക മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. സ്വന്തം കാര്യങ്ങൾ കൃത്യതയോടെ ചെയ്യാനും പഠിക്കാനും സ്കൂളിൽ പോകാനും പുറത്തിറങ്ങി കളിക്കാനുമൊക്കെ മടിയുള്ളവർ ഏറെയാണ്. വല്ലപ്പോഴുമെങ്കിലും ഏതെങ്കിലും കാര്യത്തിൽ മടി തോന്നുന്നതും പിന്നീട് ചെയ്യാനായി മാറ്റിവയ്ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാൽ, ചെയ്യേണ്ട ജോലികൾ മാറ്റിവയ്ക്കുന്നത് ശീലമായി മാറുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ട വിഷയമാകുന്നത്.
 മടി ഒരു ശീലമായി മാറുന്നതിൽ ചുറ്റുപാടുകൾക്ക് വലിയ പങ്കാണുള്ളത്. അതുകൊണ്ട് മടി മാറണമെങ്കിൽ ചുറ്റുപാടുകൾ മാറേണ്ടതുതന്നെയാണ് പ്രധാനം.

പ്രധാന കാരണങ്ങൾ

പ്രചോദനത്തിന്റെ അഭാവം: എന്ത് കാര്യവും ചെയ്യുന്നതിന് പ്രചോദനം അനിവാര്യമാണ്. ഇതിന്റെ അഭാവം മടിയുടെ ഒരു പ്രധാന കാരണമാണ്. എന്നാൽ, ഒരു കുട്ടിയിൽ ഒരു പ്രചോദനവുമില്ല എന്ന് പറയാൻ സാധിക്കില്ല. പകരം വെറുതേ ഇരിക്കാനുള്ള പ്രചോദനമാണ് മടിയുള്ളവരിൽ കാണുന്നത്. അതുപോലെ ആ വിഷയത്തിലുള്ള താത്പര്യവും പ്രചോദനം ഉണ്ടാകുന്നതിനുള്ള പ്രധാന ഘടകമാണ്. മിക്ക കുട്ടികൾക്കും പഠനത്തിൽ പ്രചോദനം ഇല്ലാതെപോകുന്നത്, അതിന്റെ ‘ആവശ്യബോധം’ ഇല്ലാതെപോകുന്നതാണ്. കുട്ടികളിൽ കൃത്യമായ ലക്ഷ്യബോധവും താത്പര്യവും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

ആസൂത്രണപാടവം: പല കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് ചെയ്യാനുള്ള കഴിവ് ചില കുട്ടികൾക്ക് കുറവായിരിക്കും. ഒരു വലിയ പ്രോജക്ട് ചെയ്തുതീർക്കാൻ, അതിനെ ചെറിയ ഘട്ടങ്ങളായി വിഭജിച്ച് ഓരോ ദിവസങ്ങളിലായി ചെയ്തുതീർക്കാനുള്ള കഴിവ് ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതില്ലാത്തതുകൊണ്ടുമാത്രം അവരത് ചെയ്യാതെ മാറ്റി വയ്ക്കാം. ഇത്തരം പ്രശ്നങ്ങളിൽ മാതാപിതാക്കൾക്ക് ജോലികൾ ആസൂത്രണം ചെയ്ത് ചെയ്യാനായി സഹായിക്കാവുന്നതും പ്രോത്സാഹിപ്പിക്കാവുന്നതുമാണ്.

പരിപൂർണത: എന്ത് കാര്യം ചെയ്താലും ഒരു തെറ്റുപോലുമുണ്ടാകാതെ പരിപൂർണതയോടുകൂടി ചെയ്യണമെന്ന നിർബന്ധമുള്ള കുട്ടികളുണ്ട്. ഈ ശീലം ഇവർക്ക് അമിതസമ്മർദം ഉണ്ടാക്കുകയും തോൽവിയെ ഭയക്കുന്നവരായി മാറുകയും ചെയ്യും. ഈ കാരണംകൊണ്ട് കാര്യങ്ങൾ ചെയ്യാതെ പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന ശീലം കുട്ടികളിലുണ്ടാകാറുണ്ട്. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും സത്യസന്ധമായും സമയനിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നുമുള്ള വസ്തുതകൾ കുട്ടികളെ മനസ്സിലാക്കിക്കുക. ശാരീരിക-മാനസിക പ്രശ്നങ്ങൾ: കുട്ടികളിലെ മടിയുടെ യഥാർഥ കാരണം തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ പ്രവർത്തനം ശാരീരികാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടുനിൽക്കുന്നു. അതുകൊണ്ട് കുട്ടികൾക്ക് പോഷകാഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവയൊക്കെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറക്കക്കുറവും നിർജലീകരണവുമൊക്കെ കുട്ടികളിലെ ഉന്മേഷക്കുറവിനും മടിക്കും കാരണമാകാറുണ്ട്.

പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിഷാദം, വൈകാരികപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കുട്ടികളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും അത് മടിയായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാവുന്നതാണ്. അതിനാൽ, അത്തരം പ്രശ്നങ്ങളുണ്ടോ എന്നത് മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ മനസ്സിലാക്കണം.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ

വീട്ടിൽ കുട്ടികൾ ചെയ്യേണ്ട ജോലികൾ/ഉത്തരവാദിത്വങ്ങൾ ഒരു ‘ഓപ്ഷൻ’ ആയി മാറാതിരിക്കാൻ ശ്രദ്ധിക്കണം.ഉദാഹരണം: ഊരിയിടുന്ന വസ്ത്രങ്ങൾ അലക്കുകൊട്ടയിൽ ഇടണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ, അത് എല്ലാ ദിവസവും ചെയ്യേണ്ടത്/ചെയ്യിപ്പിക്കേണ്ടതുതന്നെയാണ്. നിബന്ധനകൾ സ്ഥിരതയോടുകൂടി നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് ‘മടി’ ഒഴിവാക്കാൻ അനിവാര്യമാണ്.

koottan villa

എല്ലാവരുടെയും യോജിച്ചുള്ള പങ്കാളിത്തത്തോടുകൂടി മാത്രമേ ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകൂ എന്ന ബോധ്യം കുട്ടികളിലുണ്ടാക്കുക. ടൂർ പോകുന്നതിനും ആഘോഷിക്കാനും മാത്രമല്ല, വീട്ടുജോലികളിലും എല്ലാവരും സഹകരിച്ചേ മതിയാകൂ. അതിനാൽ പ്രായത്തിനനുസരിച്ചുള്ള വീട്ടിലെ ജോലികളും ഉത്തരവാദിത്വങ്ങളും കുട്ടികളെ ഏൽപ്പിക്കുക.

എല്ലാ കാര്യങ്ങളും എപ്പോഴും മാതാപിതാക്കൾ ചെയ്തുകൊടുത്ത് കൊണ്ടിരുന്നാൽ, സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവും ആത്മവിശ്വാസവുമുണ്ടാകാതെ പോവുകയും അത് അലസതയിലേക്ക് നയിക്കുകയും ചെയ്യും.
ചെയ്യുന്ന ജോലികൾ ഭംഗിയായും വൃത്തിയായും തന്നെ ചെയ്ത് ശീലിപ്പിക്കുക. പാത്രം കഴുകിയത് വൃത്തിയായില്ലെങ്കിൽ ഒന്നുകൂടി കഴുകാൻ പറയുന്നതിൽ തെറ്റില്ല. എന്നാൽ, അതൊരു കുറ്റപ്പെടുത്തലായി മാറാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ ചെയ്യുന്ന ജോലികൾക്ക് ചെറിയ പാരിതോഷികങ്ങൾ നൽകുകയും നന്ദിയറിയിക്കുകയും നിങ്ങൾക്കതിലുണ്ടായ സന്തോഷവും അഭിമാനവും കുട്ടികളോട് പങ്കുവയ്ക്കുകയും ചെയ്യാം. ഉദാഹരണം: എല്ലാ ദിവസവും കൃത്യമായി ഹോംവർക്ക് ചെയ്താൽ അരമണിക്കൂർ സ്ക്രീൻ ടൈം അനുവദിക്കുന്നത് കുട്ടികൾക്കിഷ്ടപ്പെടുന്ന പാരിതോഷികമായിരിക്കും.

സ്വന്തം ഉത്തരവാദിത്വങ്ങൾ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന അനന്തരഫലങ്ങൾ അനുഭവിക്കുന്നതിന് അനുവദിക്കുക.ഉദാഹരണം: പ്രോജക്ട് കൃത്യസമയത്ത് സമർപ്പിച്ചില്ലെങ്കിൽ, ടീച്ചറുടെ വഴക്കുകേൾക്കാനും കുട്ടി ബാധ്യസ്ഥനാണ്.  അതിൽനിന്ന് സംരക്ഷിക്കേണ്ട കാര്യമില്ല. പല കാര്യങ്ങളും ചെയ്ത് തീർക്കേണ്ടതിന്റെ സമയപരിധി കൂടുതലാകുന്നത് കാര്യങ്ങൾ മാറ്റിവയ്ക്കുന്നതിന് കാരണമാകാറുണ്ട്. അതിനാൽ പെട്ടെന്ന് ജോലികൾ തീർക്കുന്നതിന് ചെറിയ സമയപരിധികൾ നൽകുന്നതാകും നല്ലത്.’മടി മാറ്റുക’ എന്നാൽ, എല്ലാ സമയവും ജോലികൾ ചെയ്തുകൊണ്ടിരിക്കുക എന്നതല്ല. പുറത്ത് കളിക്കുന്നതും പടം വരയ്ക്കുന്നതും ഹോബികളിൽ ഏർപ്പെടുന്നതുമെല്ലാം ‘മടി’ മാറ്റി നിർത്താനുള്ള വഴികൾതന്നെയാണ്. അതിനുള്ള അവസരം നൽകുക.

നിർബന്ധിച്ചും വഴക്കുപറഞ്ഞും കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിക്കരുത്. പകരം പ്രോത്സാഹനവും പിന്തുണയും നൽകി കാര്യങ്ങൾ ചെയ്യിക്കുക.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9