മുടങ്ങാതെ തുടര്‍ന്നാല്‍ മാത്രമേ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഫലപ്രാപ്തി ലഭിക്കൂവെന്ന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്നോത്തരിയുടെ മധ്യമേഖലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ കായിക മേഖലകളില്‍ മികവ് തെളിയിക്കാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കണമെന്നു പറയുന്നത് മണ്ടത്തരമാണ്. ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നത് സാമൂഹ്യ ഘടനയെ ബാധിക്കും. ലഹരി ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ മാറി നില്‍ക്കാതെ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നടന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ ഭാസ്‌കര്‍, സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹി ജി. രാജ്മോഹന്‍, പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. വേലായുധന്‍, ക്വിസ് മാസ്റ്റര്‍ ജി.എസ് പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
അറിവാണ് ലഹരി എന്ന പ്രമേയത്തില്‍ ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാനതല പ്രശ്നോത്തരി മത്സരത്തിനാണ് സെന്റ് പീറ്റേഴ്സ് കോളേജില്‍ തുടക്കമായത്. മൂന്ന് മേഖലകളിലായി നടത്തുന്ന മത്സരത്തിന്റെ മധ്യമേഖല തലത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള 50 ടീമുകളാണു പങ്കെടുക്കുന്നത്. ആദ്യ സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകളാണ് സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടുക.
ക്വിസ് പ്രസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ഫോട്ടോ പ്രദര്‍ശനവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ലഹരി വിമുക്ത കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് മൂത്തേടന്‍, മനോരോഗ വിദഗ്ധന്‍ ഡോ. വി.ജെ സിറിയക് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ മീഡിയ ക്ലബ് കോളേജ് കോ-ഓഡിനേറ്റര്‍ എല്‍സ സണ്ണി, ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രിയ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ, കേരളകൗമുദി ഫോട്ടോഗ്രാഫര്‍ സുധര്‍മദാസ് എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങളും പോസ്റ്ററുകളും ഉള്‍പ്പെടെ ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന 58 ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.