ഒക്ടോബർ 29 ലോക പക്ഷാഘാത ദിനമായാണ് ആചരിക്കുന്നത്. സ്ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സ്ട്രോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും ഒക്ടോബർ 29ന് ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് ഒരു വ്യക്തിക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നത്.
കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇന്നത്തെ ജീവിതശൈലിയും ജനിതക മാറ്റവുമെല്ലാം ലോകത്തെ സ്ട്രോക്ക് ബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
55 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് സ്ട്രോക്കിന് കൂടുതൽ സാധ്യതയുള്ളതെങ്കിലും ഇന്ന് യുവാക്കളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. മാറി വരുന്ന ജീവിതശൈലി, ഭക്ഷണം, ചില മരുന്നുകൾ എന്നിവയും സ്‌ട്രോക്ക് സാധ്യത വർദ്ധിപ്പിക്കാനിടയുണ്ട്.
എന്താണ് സ്‌ട്രോക്ക്? പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം?
രക്തക്കുഴലുകൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ സ്ട്രോക്ക് സംഭവിക്കാം. ഇതുവഴി തലച്ചോറിലേക്ക് ഓക്സിജൻ എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്യും. മുഖത്തോ കൈയിലോ കാലിലോ തളർച്ച, സംസാരത്തിൽ കുഴച്ചിൽ എന്നിവ കണ്ടാൽ ഒരാൾക്ക് സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് വീതം സ്ട്രോക്ക് വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 12.2 ദശലക്ഷം സ്ട്രോക്ക് കേസുകളാണ് രേഖപ്പെടുത്തുന്നത്. 25 വയസ്സിന് മുകളിലുള്ള നാലിൽ ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
” ഒരാൾക്ക് സ്ട്രോക്ക് സംഭവിച്ചാൽ കൂടുതൽ മസ്തിഷ്ക കോശങ്ങൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തിര ചികിത്സ വളരെ അത്യന്താപേക്ഷിതമാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ രോഗിയ്ക്ക് അടിയന്തര ചികിത്സ നൽകേണ്ടതാണ്. ചികിത്സ വൈകുന്തോറും ഓരോ മിനിറ്റിലും രോഗിക്ക് 1.9 ദശലക്ഷം ന്യൂറോണുകളും 13.8 ബില്യൺ സിനാപ്സുകളും ഏഴ് ദശലക്ഷം ആക്സോണൽ ഫൈബറുകളും നഷ്ടപ്പെടും ” ഫോർട്ടിസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ കൃഷ്ണൻ പി ആർ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
“മസ്തിഷ്കത്തിലേയ്ക്കുള്ള രക്തക്കുഴലിനെ തടസ്സപ്പെടുത്തുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. തലച്ചോറിലെ ഓക്‌സിജന്റെ അഭാവമാണ് മസ്തിഷ്‌ക കോശങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കുന്നത്. നേരത്തേ ഇത് കണ്ടെത്തിയില്ലെങ്കിൽ ഈ അവസ്ഥ സ്ഥിരമായ മസ്തിഷ്‌ക ക്ഷതത്തിലേക്കോ രോഗിയുടെ മരണത്തിലേക്കോ വരെ നയിച്ചേക്കാം.” ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. പി.എൻ. രഞ്ജൻ വ്യക്തമാക്കി.
അതേസമയം രക്തം കട്ടപിടിക്കുന്നത് തടയാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പല മരുന്നുകളും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായും വിദഗ്ധർ പറയുന്നു. ഹോർമോൺ തെറാപ്പി, ആർത്തവവിരാമ ലക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഗർഭനിരോധന ഗുളികകളിലെ ഈസ്ട്രജൻ സാന്നിധ്യവും പക്ഷാഘാത അപകട സാധ്യത വർധിപ്പിക്കുന്നതായും പഠനങ്ങൾ പറയുന്നു. രക്തസമ്മർദ്ദം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല തലച്ചോറിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഡോ. പി.എൻ. രഞ്ജൻ പറയുന്നു.
ലക്ഷണങ്ങൾ
കഠിനമായ തലവേദന, ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും കാലിലും ഉണ്ടാകുന്ന മരവിപ്പ്, തളർച്ച, സംസാരത്തിലെ കുഴച്ചിൽ, ഓക്കാനം, ഛർദ്ദി, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, തലകറക്കം, കാഴ്ച മങ്ങൽ തുടങ്ങിയവയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ.
സ്ട്രോക്ക് വന്നാൽ ഉടൻ ചെയ്യേണ്ടതെന്ത്?
‘പക്ഷാഘാതം ഉണ്ടാകുമ്പോൾ രോഗിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം’ ഡൽഹി കൈലാഷ് ദീപക് ഹോസ്പിറ്റൽ ന്യൂറോ സർജറി വിഭാഗം ഡയറക്ടർ ഡോ. വികാസ് ഗുപ്ത ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. “അടിയന്തരാവസ്ഥയിൽ രോഗിയുടെ സിടി സ്കാൻ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉടൻ ആശുപത്രിയിൽ എത്തിക്കണം . സ്‌ട്രോക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരിയായ രോഗനിർണയം നടത്തണം. ഏറ്റവും കൃത്യമായ ചികിത്സ എൻഡോവാസ്കുലർ ത്രോംബെക്ടമിയാണ്. ഈ ചികിത്സ തലച്ചോറിലേക്കുള്ള രക്തം ശരിയായ രീതിയിൽ ഒഴുകാൻ സഹായിക്കും. എന്നാൽ 2015 മുതൽ മെക്കാനിക്കൽ ത്രോംബെക്ടമി എന്ന ഒരു പുതിയ ചികിത്സ കൂടി വന്നിട്ടുണ്ട്” ഡോ ഗുപ്ത വ്യക്തമാക്കി.
സ്ട്രോക്കിനുള്ള ചികിത്സ
രക്തം കട്ടപിടിക്കുന്നതിനും തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനുമായി കുത്തിവയ്‌ക്കുന്ന ആൾട്ടെപ്ലേസ് അല്ലെങ്കിൽ ടെനെക്‌ടെപ്ലേസ് എന്ന ക്ലോട്ട്-ബസ്റ്റർ മരുന്ന് ഉപയോഗിക്കുന്ന ചികിത്സാ രീതിയാണ് ത്രോംബോളിസിസിൽ ഉൾപ്പെടുന്നത്. കൂടാതെ സിരയിൽ നിന്നോ ധമനികളിൽ നിന്നോ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് ത്രോംബെക്ടമി. ഉയർന്ന രക്തസമ്മർദ്ദം കൊണ്ടോ കൊളസ്ട്രോൾ മൂലമോ ഉണ്ടാകുന്ന സ്ട്രോക്ക് തടയുന്നതിന് ആസ്പിരിൻ, മറ്റ് ആന്റി പ്ലേറ്റ്ലെറ്റുകൾ, സ്റ്റാറ്റിൻസ്, രക്തസമ്മർദ്ദ മരുന്നുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ഫാറ്റി പ്ലാക്ക് അമിതമായി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ ഫാറ്റ് ഡിപ്പോസിറ്റുകൾ നീക്കം ചെയ്യുന്നതിനായി കരോട്ടിഡ് എൻഡാർട്ടറെക്ടമി നടത്തും. അതേസമയം രക്തക്കുഴലുകൾ പൊട്ടുന്ന സാഹചര്യമുണ്ടായാൽ തലച്ചോറിലെ രക്തം നീക്കം ചെയ്യാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് ക്രാനിയോടോമി.
മൂന്നു തരത്തിലുള്ള സ്ട്രോക്കുകൾ
പ്രധാനമായും മൂന്ന് തരത്തിലുള്ള സ്ട്രോക്കുകൾ ഉണ്ട്. ആദ്യം ഹൃദയത്തിൽ നിന്നോ മറ്റെവിടെയെങ്കിലുമോ രക്തം കട്ടപിടിച്ച് പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. തുടർന്ന് കട്ടപിടിച്ച രക്തം രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്നു. ആ ഭാഗത്തെ രക്തപ്രവാഹം കുറക്കുന്നു. ഈ അവസ്ഥയാണ് ഇസ്കെമിക് സ്ട്രോക്ക് എന്ന് അറിയപ്പെടുന്നത്. തലച്ചോറിൽ ധാരാളം രക്തം തങ്ങി നിന്നാൽ അത് രക്തക്കുഴലുകൾ പൊട്ടുന്നതിന് ഇടയാക്കും. ഈ അവസ്ഥയാണ് ഹെമറാജിക് സ്ട്രോക്ക്. കൈകളിലോ കാലുകളിലോ മരവിപ്പ്,ശരീരത്തിന്റെ അസന്തുലിതാവസ്ഥ, മുഖത്ത് നീർവീക്കം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇസ്കീമിക് സ്ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ട പിടിച്ചുണ്ടാകുന്ന പക്ഷാഘാതം ആണ് മറ്റൊന്ന്. പക്ഷാഘാതങ്ങളിൽ ഏറിയ പങ്കും ഇസ്കീമിക് സ്ട്രോക്ക് ആണ്.
സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
മദ്യപാനം കുറയ്ക്കുക, ഭാരം കുറക്കുക, പുകവലി ഒഴിവാക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക എന്നിവയെല്ലാം സ്ട്രോക്കിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ സ്ട്രോക്ക് അതിജീവിച്ചവരിൽ 25% പേർക്കും വീണ്ടും മറ്റൊരു സ്ട്രോക്കിനുള്ള സാധ്യത കാണപ്പെടുന്നുണ്ടെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.