ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍ ഇന്ത്യയില്‍; ഒരു ദിവസത്തെ താമസത്തിന് 4 ലക്ഷം രൂപ

ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ഒരു ഇന്ത്യൻ ഹോട്ടലിന്. ജയ്പൂരിലെ രാംബാഗ് പാലസാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. പ്രശസ്ത ട്രാവൽ വെബ്സൈറ്റായ ട്രിപ്പ് അഡൈ്വസറാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ട്രിപ്പ് അഡൈ്വസർ വെബ്സൈറ്റിൽ യാത്രക്കാർ നൽകിയ 15 ലക്ഷത്തിലധികം റിവ്യുകളുടെ അടിസ്ഥാനത്തിലാണ് രാംബാഗ് പാലസിലെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി തിരഞ്ഞെടുത്തിരിക്കുന്നത്.

പത്ത് വിഭാഗങ്ങളിലായി 2023 ലെ ട്രാവലേഴ്സ് ചോയിസ് പുരസ്കാരങ്ങളുടെ ഭാഗമായാണ് മികച്ച ആഡംബര ഹോട്ടലിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ മികച്ച പത്ത് ഹോട്ടലുകളുടെ പട്ടികയിൽ രാംബാഗ് പാലസ് മാത്രമാണ് ഇന്ത്യയിൽ നിന്ന് ഉൾപെട്ടിട്ടുള്ളത്. മാലദ്വീപിലെ ഒസെൻ റിസർവ് ബോലിഫുഷി രണ്ടാം സ്ഥാനവും ബ്രസീലിലെ ഹോട്ടൽ കൊലിന ഡി ഫ്രാൻസ് മൂന്നാം സ്ഥാനവും നേടി.

1835ൽ നിർമിച്ച കൊട്ടാരമാണ് പിന്നീട് രാംബാഗ് പാലസ് ആഡംബര ഹോട്ടലായി മാറിയത്. നിലവിൽ താജ് ഗ്രൂപ്പാണ് രാംബാഗ് പാലസിന്റെ നടത്തിപ്പുകാർ. 47 ഏക്കറിലായി പരന്നു കിടക്കുന്ന രാംബാഗ് പാലസിൽ അത്യാഡംബര സൗകര്യങ്ങളാണ് താമസിക്കാനെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ട്രിപ്പ് അഡൈ്വസറിൽ ആയിരക്കണക്കിന് യാത്രികർ രാംബാഗ് പാലസിന് ഫൈവ് സ്റ്റാർ റേറ്റിങ് നൽകിയിട്ടുണ്ട്.

താജ് ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് പ്രകാരം രാംബാഗ് പാലസിലെ വൺ ബെഡ്റൂം പാലസ് റൂമിൽ ഒരു ദിവസം താമസിക്കുന്നതിന് 29500 രൂപയാണ് ചാർജ്. ഏറ്റവും ചിലവ് കൂടിയ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിന് 3,12,000 രൂപ വരെയാകും. നികുതിയും മറ്റ് ചിലവുകളും ഉൾപ്പെടുത്തുമ്പോൾ ഇത് നാല് ലക്ഷത്തോളം രൂപയാകും. 47 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ വലിയ പൂന്തോട്ടവും മാർബിൾ വരാന്തകളും ആഡംബര മുറികളുമെല്ലാമാണ് പ്രധാന ആകർഷണങ്ങൾ.

ട്രിപ്പ് അഡ്വസറിന്റെ മികച്ച ചെറിയ ഹോട്ടലുകളുടെ വിഭാഗത്തിൽ ഹിമാചൽ പ്രദേശിലെ ആരിയ പലംപൂർ ലോകത്ത് പത്താം സ്ഥാനവും ഏഷ്യയിൽ മൂന്നാം സ്ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. വ്യത്യസ്തമായ ഹോട്ടലുകളിൽ റാമോജി ഫിലിം സിറ്റിയിലെ ഹോട്ടൽ സിത്താര ആഗോളതലത്തിൽ 18ാം സ്ഥാനം നേടി.

Verified by MonsterInsights