ലോകത്തേറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ജപ്പാനും സിംഗപ്പൂരും മുന്നിൽ. 192 ആണ് ഈ രണ്ട് രാജ്യങ്ങളുടെയും വീസ ഫീ സ്കോർ. ജാപ്പനീസ്, സിംഗപ്പൂർ പൗരന്മാർക്ക് ലോകമെമ്പാടുമുള്ള 192 രാജ്യങ്ങളിലെ വീസ ഫീ അല്ലെങ്കിൽ വീസ്-ഓൺ അറൈവൽ ആക്സസ് ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യാം. 190 സ്കോറുമായി ദക്ഷിണ കൊറിയയും ജർമനിയും രണ്ടാംസ്ഥാനം പങ്കിടുന്നു. ഇന്ത്യ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ഥാനം മെച്ചപ്പെടുത്തി.

ലണ്ടൻ ആസ്ഥാനമായുള്ള ആഗോള പൗരത്വ, റസിഡൻസ് അഡ്വൈസറി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് തയാറാക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ഈ വർഷത്തെ പട്ടിക പുറത്തിറക്കി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) നൽകുന്ന എക്സ്ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്പോർട്ട് സൂചിക പുറത്തിറക്കുന്നത്. വീസ ഫീ സ്കോർ 189 ഉള്ള ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്. യഥാക്രമം 26, 28 എന്നിങ്ങനെ വീസ ഫീ സ്കോർ ഉള്ള അഫ്ഗാനിസ്ഥാനും (റാങ്ക് 111) ഇറാഖും (റാങ്ക് 110) ലോകത്തെ ഏറ്റവും മോശം പാസ്പോർട്ടുകളായി.

വീസ ഫീ സ്കോർ 60 ഉള്ള ഇന്ത്യ ഇക്കുറി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുന്നിലാണ്. നേരത്തെ 90-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ, ഇക്കുറി ഏഴ് സ്ഥാനങ്ങൾ മുന്നിലേക്ക് കയറി 83-ാം സ്ഥാനത്താണ്. റുവാണ്ടയ്ക്കും ഉഗാണ്ടയ്ക്കും പിന്നിലായി, മധ്യ ആഫ്രിക്കയിലെ സാവോ ടോം, പ്രിൻസിപെ എന്നിവരുമായാണ് ഇന്ത്യ ഈ സ്ഥാനം പങ്കുവയ്ക്കുന്നത്. യുഎസ്എയും യുണൈറ്റഡ് കിംഗ്ഡവും ഇക്കുറി ഒരു റാങ്ക് ഉയർന്ന് ആറാം സ്ഥാനത്തെത്തിയിട്ടുണ്ട്.

വിസയില്ലാതെ പാസ്പോർട്ട് മാത്രമോ വിസ ഓൺ അറൈവൽ സൗകര്യമോ ഉപയോഗിച്ച് സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം നോക്കിയാണ് ഹെൻലി പാസ്പോർട്ട് സൂചികയിൽ റാങ്കിംഗ് നൽകുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്, അവരുടെ ആഗോള ഡാറ്റാബേസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി, 2006 മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വിസ നിയന്ത്രണങ്ങൾ വിശകലനം ചെയ്താണ് ഇത് പുറത്തിറക്കുന്നത്.

• 2022-ൽ ലോകത്തിലെ ഏറ്റവും മികച്ച പാസ്പോർട്ടുകൾ

1. ജപ്പാൻ, സിംഗപ്പൂർ (192)

2. ജർമനി, ദക്ഷിണ കൊറിയ (190)

3. ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ (189)

4. ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ (188)

5. അയർലൻഡ്, പോർച്ചുഗൽ (187)

6. ബെൽജിയം, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് (186)
7. ഓസ്ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാൾട്ട (185)

8. പോളണ്ട്, ഹംഗറി (183)

9. ലിത്വാനിയ, സ്ലൊവാക്യ (182)

10. എസ്തോണിയ, ലാത്വിയ, സ്ലോവേനിയ (181)

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights