ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി മാറി ഇന്ത്യ; കയറ്റുമതിയിലും വളർച്ച

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി മാറി ഇന്ത്യ. 2021-22 സീസണിൽ 394 ലക്ഷം മെട്രിക് ടൺ റെക്കോർഡ് ഉൽപാദനത്തോടെയാണ് ഈ നേട്ടം. ഇതിൽ 35 ലക്ഷം മെട്രിക് ടൺ പഞ്ചസാരയിൽ നിന്നും എഥനോൾ ഉൽപാദിപ്പിച്ചെന്നും സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

”ഈ സീസണിൽ രാജ്യത്ത് 5,000 ലക്ഷം മെട്രിക് ടൺ കരിമ്പാണ് ഉൽപ്പാദിപ്പിച്ചത്. അതിൽ നിന്നും ഏകദേശം 394 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഉത്പാദിപ്പിച്ചു. ഇതിൽ 35 ലക്ഷം മെട്രിക് ടൺ പഞ്ചസാരയിൽ നിന്നും എഥനോളും ഉൽപാദിപ്പിച്ചു. ഇതോടെ, ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന രാജ്യമായും ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താവായും ഇന്ത്യ വളർന്നു. പഞ്ചസാര കയറ്റുമതി ചെയ്യുന്നതിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം കൂടിയാണ് ഇന്ത്യ”, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഈ സീസൺ ഇന്ത്യൻ പഞ്ചസാര മേഖലയെ സംബന്ധിച്ചിടത്തോളം നിർണായകം ആയിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കരിമ്പ് ഉൽപ്പാദനം, പഞ്ചസാര ഉൽപ്പാദനം, പഞ്ചസാര കയറ്റുമതി, എഥനോൾ ഉത്പാദനം തുടങ്ങിയ അനുബന്ധ മേഖലകളിലെല്ലാം റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത് .

“അന്താരാഷ്ട്ര തലത്തിലെ വിലയും കേന്ദ്ര സർക്കാർ നയങ്ങളും ഇന്ത്യൻ പഞ്ചസാര വ്യവസായത്തിനുണ്ടായ ഈ നേട്ടത്തിനു കാരണമാണ്. ഈ കയറ്റുമതി, രാജ്യത്തിന് ഏകദേശം 40,000 കോടി രൂപയുടെ വിദേശ കറൻസി നേടിത്തന്നു”, സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ അഞ്ചു വർഷമായി, ജൈവ ഇന്ധന മേഖലയിൽ എഥനോളിന്റെ പ്രാധാന്യം വർധിച്ചത് പഞ്ചസാര വ്യവസായത്തെയും വളരെയധികം സഹായിച്ചിട്ടുണ്ട്. 2021-22 കാലയളവിൽ, പഞ്ചസാര മില്ലുകളും ഡിസ്റ്റിലറികളും എത്തനോൾ വിൽപനയിൽ നിന്ന് മൊത്തം 18,000 കോടി രൂപ വരുമാനമാണ് നേടിയത്.

”ശര്‍ക്കരപ്പാവ്‌, പഞ്ചസാര എന്നിവയിൽ നിന്നുള്ള എഥനോൾ ഉൽപ്പാദന ശേഷി പ്രതിവർഷം 605 കോടി ലിറ്ററായി വർധിച്ചു. എഥനോൾ ബ്ലെൻഡിംഗ് വിത്ത് പെട്രോൾ പ്രോഗ്രാമിന് ( Ethanol Blending with Petrol (EBP) Programme) കീഴിൽ 2025-ഓടെ 20 ശതമാനം മിശ്രണം എന്ന ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അടുത്ത സീസണിൽ, 50 ലക്ഷം മെട്രിക് ടൺ പഞ്ചസാരയിൽ നിന്നും എത്തനോൾ ഉത്പാദിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പഞ്ചസാര മില്ലുകൾക്ക് ഏകദേശം 25,000 കോടി രൂപയുടെ വരുമാനം നൽകും ”, കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പഞ്ചസാര ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ബ്രസീലായിരുന്നു ഈ മേഖലയിൽ ഇതുവരെ മുന്നിൽ. യുപി, മഹാരാഷ്ട്ര. കർണാടക എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ 80 ശതമാനവും പഞ്ചസാരയും ഉൽപാദിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, ​ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, ബിഹാർ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പഞ്ചസാര ഉൽപാദിപ്പിക്കുന്നുണ്ട്.
 
Verified by MonsterInsights