മലബാറിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം യാഥാർത്ഥ്യത്തിലേക്ക്

മലബാറിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. ഒപ്പം ഗോത്രവയനാടിന്റെ ഏറ്റവും വലിയ ചരിത്രശേഖരവും ഇവിടെ സംരക്ഷിക്കപ്പെടും. വിനോദ കേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ജില്ലയുടെ തനത് ജീവിത പരിസരങ്ങളെ അടുത്തറിയാൻ കഴിയുന്ന തരത്തിൽ മ്യൂസിയത്തെ മാറ്റാനാണ് അണിയറയിലുള്ളവരുടെ പരിശ്രമം. വയനാടിനെ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ ചരിത്രകാരൻമാരുടെ സഹായത്തോടെയും ഉപദേശത്തോടയുമാണ് പൈതൃക മ്യൂസിയം ക്രമീകരിക്കുക. ഗോത്ര പഠന ഗവേഷണത്തിനായുള്ള സൗകര്യങ്ങളടക്കം നൽകി ഒരു ഗവേഷണ കേന്ദ്രം എന്ന നിലയിലും ഇതിനെ മാറ്റാനാണ് പദ്ധതി.

മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിച്ച് കുങ്കിച്ചിറ മ്യൂസിയം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജനതയുടെ സംസ്കൃതിയിലൂടെയുള്ള യാത്രയാണ് മ്യൂസിയത്തിൽ സന്നിവേശിപ്പിക്കുക. ഇതിനായി പതിനാറായിരം ചതുരശ്രയടിയുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ തയ്യാറായിരിക്കുന്നത്. 9000 ചതുരശ്രയടി വിസ്തീർണമുള്ള താഴെ നിലയിൽ കാര്യനിർവഹണ വിഭാഗം മുറികളും ഹാളും പ്രദർശന മുറികളുമുണ്ട്. ത്രീഡി തിയേറ്റർ, ഗവേഷണ വിഭാഗം, ഗ്രന്ഥശാല എന്നിവയും ഇവിടെ സജ്ജമാക്കും. മുകളിലത്തെ നിലയിൽ പ്രദർശന കേന്ദ്രങ്ങൾ ഒരുക്കും.

afjo ad

ചുവർചിത്രമടക്കം ഗോത്ര ജീവിതത്തിന്റെയും കാർഷിക ചരിത്രത്തെയും അടയാളപ്പെടുത്തുന്നതും ഏറ്റവും ആകർഷകമായതുമായ രീതിയിലായിരിക്കും ഓരോന്നിന്റെയും ക്രമീകരണം. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്റെ കെട്ടിട നിർമാണം. ആകർഷകമായ രീതിയിൽ പൂർണ സൗകര്യത്തോടെ എച്ച്.പി.എലാണ് കെട്ടിട നിർമാണം വളരെ വേഗം പൂർത്തിയാക്കിയത്. ഒമ്പതേക്കറോളം സ്ഥലത്താണ് മ്യൂസിയവും ചിറയുമടക്കമുള്ള കേന്ദ്രമുള്ളത്.

പഴശ്ശിരാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരേ പടനീക്കങ്ങൾ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. നൂറ്റാണ്ടുകൾക്കുമുമ്പേ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഇംഗ്ലീഷ് സൈന്യം മനസ്സിലാക്കിയിരുന്നു. പഴശ്ശിയുടെ വിപ്ലവങ്ങൾക്ക് പടനീക്കങ്ങൾ നടന്ന പ്രധാന കേന്ദ്രവും ഇതുതന്നെയാണ്. കുങ്കിച്ചിറയുടെ രണ്ട് മലകൾക്ക് അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത ‘ഒറ്റുപാറ ഇന്നും കാടുമൂടി നിൽക്കുന്നു. മലയുടെ മുകളിലുള്ള ഈ പാറയുടെ മുകളിൽ നിന്നുമാണ് പഴശ്ശിയുടെ പടനീക്കങ്ങൾ ഒറ്റുകൊടുക്കപ്പെട്ടത്.

പഴശ്ശിരാജാവിന്റെ ഉറ്റ തോഴനായ തലയ്ക്കൽ ചന്തുവിന്റെ വീട് ഈ ചരിത്രഭൂമിയിലാണ്. ചിറയുടെ വടക്കുഭാഗത്തായി ആറു കിലോമീറ്ററോളം അകലെയാണ് ചന്ദനത്തോട്ടം. ഇവിടെയുള്ള പ്രത്യേകതരം കല്ലുരച്ചാണ് ചന്ദനത്തിനു പകരമായി പഴശ്ശിസൈന്യം ഉപയോഗിച്ചിരുന്നത്. പഴശ്ശി സൈന്യം ഈ ചിറയിൽനിന്ന് ദാഹമകറ്റിയതായും പറയപ്പെടുന്നു. വനനിബിഡമായ മലകൾക്ക് നടുവിൽ പച്ചപ്പിന്റെ പ്രകൃതിദത്ത മൈതാനങ്ങൾ വയനാട്ടിൽ ഇവിടെ മാത്രമാണുള്ളത്. കാടിനുള്ളിൽ 25 ഏക്കർ വിസ്തൃതിയിലുള്ള ചേറ്റുകണ്ടം പ്രകൃതി കനിഞ്ഞരുളിയ വയനാടിന് വിസ്മയമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights